അങ്കമാലി മൂക്കന്നൂർ സ്വദേശിയായ കെ.ടി. ജോസ് കെഎസ്ആർടിസി ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സ്പോൺസർ ചെയ്തത് സ്വന്തം ഭാര്യപോലും അറിയാതെയായിരുന്നു.
ബസ് നൽകിയ വിവരം ഭാര്യ അറിയുന്നത് ചെക്ക് കൈമാറുന്ന ചിത്രം ജോസ് വാട്സാപ്പിൽ അയച്ചുകൊടുത്തപ്പോഴാണ്. ഇതിന് ഒരു തംപ്സ് അപ്പ് ചിഹ്നമായിരുന്നു ഭാര്യയുടെ മറുപടി.
‘‘പൊതുജനങ്ങൾക്കു കെഎസ്ആർടിസിക്ക് ബസ് സ്പോൺസർ ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടപ്പോഴാണു വരുമാനത്തിന്റെ ഒരുഭാഗം പൊതുജനങ്ങൾക്കു ഉപകാരപ്പെടുന്ന കാര്യത്തിനു ചെലവഴിക്കാമെന്നു ചിന്തിച്ചത് ’’– മൂക്കന്നൂർ അട്ടാറ കുളങ്ങര സ്വദേശിയായ ജോസ് വ്യക്തമാക്കി. സർക്കാരിനു സഹായവുമായി ഇനിയും പലരും മുന്നോട്ടുവരുമെന്ന് ജോസിന് ഉറപ്പുണ്ട്.
‘‘സ്പോൺസർഷിപ്പിന് എന്തൊക്കെ ചെയ്യണമെന്നു ചോദിച്ചു പലരും വിളിക്കുന്നുണ്ട്.’’– കെഎസ്ആർടിസിക്ക് ബസ് സമ്മാനിച്ചു വാർത്തകളിൽ നിറഞ്ഞ ജോസ് കൂട്ടിച്ചേർത്തു. റോബട്ടിക് കാർ പാർക്കിങ്ങിൽ ലോകത്തെ വമ്പൻ കമ്പനികളെ വിസ്മയിപ്പിക്കുന്ന ഇൻസ്റ്റലേഷൻ മികവാണു ജോസിനെ ബിസിനസ് രംഗത്തു ശ്രദ്ധേയനാക്കിയത്.
കാക്കനാട് ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറിൽ 3000 കാറുകൾ പാർക്ക് ചെയ്യുന്ന സംവിധാനമാണ് ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ട്. ട്വിൻ ടവർ സന്ദർശിച്ച എല്ലാവരും ആദ്യം തിരക്കിയതു റോബട്ടിക് പാർക്കിങ് സംവിധാനത്തെക്കുറിച്ചായിരുന്നു.
ഐഐടി എൻജിനീയർമാരെ വെല്ലുന്ന ഐടിഐ ബുദ്ധിയിൽനിന്നാണ് ജോസിന്റെ എൻജിനീയറിങ് രംഗത്തെ വളർച്ച. മൂക്കന്നൂർ ഐടിഐയിൽ വെൽഡർ കോഴ്സും കളമശേരി പോളിടെക്നിക്കിൽനിന്നു മെക്കാനിക്കൽ ഡിപ്ലോമയും നേടിയ ശേഷമാണ് ജോസ് വീടിനോടുചേർന്ന് ഹീമാൻ എൻജിനീയേഴ്സ് എന്ന ചെറിയ എൻജിനീയറിങ് വർക്ഷോപ് തുടങ്ങുന്നത്.
അതു വളർന്ന് ഹീമാൻ ഓട്ടോ റോബോ പാർക്കായി. കഠിനാധ്വാനത്തിൽ, പാർക്ക് കമ്പനിയായി വളർന്നതു ചരിത്രം.
പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കലാണു ജോസിന്റെ ഇഷ്ടവിഷയം. 2010 ലാണ് ഓട്ടമേറ്റഡ് കാർ പാർക്കിങ് സംവിധാനം വികസിപ്പിച്ചത്.
മെക്കാനിക്കൽ ഭാഗങ്ങൾ ജോസും സംഘവും ചെയ്തു. ഇലക്ട്രോണിക്സ് ഭാഗം സഹോദരിയുടെ മകളുടെ ഭർത്താവ് വിജിൻ വർഗീസും വിജിന്റെ അനുജൻ പോൾ വർഗീസും ഏറ്റെടുത്തു.
മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലായിരുന്നു ആദ്യമായി പാർക്കിങ് സംവിധാനം സ്ഥാപിച്ചത്. റോബട്ടിക് കാർ പാർക്കിങ് സംവിധാനത്തിൽ 3 ഇന്ത്യൻ പേറ്റന്റും ഒരു അമേരിക്കൻ പേറ്റന്റും ഉണ്ട്.
മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണു കൂടുതൽ പ്രോജക്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

