ആറു മാസം മുമ്പുണ്ടായ രാഷ്ട്രീയ തിരിച്ചടിക്ക് പരിഹാരമായി ചന്ദ്രൻ നാലാംവാതുക്കൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു. ഇന്ന് നടന്ന നിർണായക തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 12 വോട്ടുകളും എൽഡിഎഫിന് 11 വോട്ടുകളുമാണ് ലഭിച്ചത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായതിനെത്തുടർന്ന് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതുക്കലിന്റെ വോട്ടാണ് സാങ്കേതിക കാരണങ്ങളാൽ അസാധുവായത്.
ഇത് ഇരുമുന്നിലകൾക്കും തുല്യ വോട്ടുകൾ ലഭിക്കാൻ കാരണമാവുകയും, തുടർന്നു നടത്തിയ നറുക്കെടുപ്പിൽ എൽഡിഎഫിലെ പി.വി. രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് അധികാരമേറ്റ് ആറു മാസം പിന്നിട്ട വേളയിൽ, ജൂലൈ 14 ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സഭയിൽ പാസാകുകയായിരുന്നു.
ഇതോടെയാണ് പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നതും, 12 സീറ്റുകളുടെ വ്യക്തമായ പിന്തുണയോടെ യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചതും. നിലവിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ് ചന്ദ്രൻ.
23 വർഷക്കാലം ഉദുമ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും, കഴിഞ്ഞ 13 വർഷമായി ഉദുമ ക്ഷീര സഹകരണ സംഘം ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു. പട്ടികജാതി സംവരണ വാർഡുകളിൽ തുടർച്ചയായി മൂന്നു തവണ വിജയം കൈവരിച്ച അദ്ദേഹത്തെ, ജനറൽ വിഭാഗത്തിലുള്ള ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
മുൻപ് സ്വന്തം ഭാഗത്തുനിന്നുണ്ടായ ഒരു ചെറിയ പിഴവ് കാരണം നഷ്ടമായ പ്രസിഡന്റ് പദവിയാണ് ഇപ്പോൾ അദ്ദേഹം തിരിച്ചുപിടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

