കുടുംബത്തിന്റെ അത്താണിയായ ഗൃഹനാഥന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് അടിമലത്തുറ മത്സ്യഗ്രാമം. കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞു മരിച്ച വിഴിഞ്ഞം അടിമലത്തുറ വിജി ഹൗസിൽ ആന്റണിയുടെ വേർപാട് നാടിനെ ദുഖത്തിലാഴ്ത്തി.
മറ്റൊരു അപകടത്തിൽ ഗുരുതര പരുക്കേറ്റതിന്റെ വേദനകൾ ശരീരത്തെ അലട്ടിയിരുന്നെങ്കിലും കടബാധ്യതകളാണ് ആന്റണിയെ കടൽപണിക്കു പോകാൻ നിർബന്ധിതനാക്കിയത്. 3 മക്കളുള്ളതിൽ ഇളയ മകനും ഭാര്യയുമൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്.
വിവാഹിതരായ മറ്റു രണ്ടു മക്കൾ ദൂരെയാണ് താമസം. മൂന്നു വർഷം മുൻപ് മത്സ്യബന്ധനത്തിനു പോകാനായി ഓട്ടോറിക്ഷയിൽ വിഴിഞ്ഞത്തേക്കു വരുമ്പോൾ ഉണ്ടായ അപകടത്തിൽ ആന്റണിക്കു സാരമായി പരുക്കേറ്റിരുന്നു.
ചികിത്സയ്ക്കായി മാത്രം ധാരാളം പണം ചെലവായി. മകളുടെ വിവാഹം, വീട് എന്നീ ആവശ്യങ്ങൾക്കും പണം വായ്പയെടുത്തിരുന്നു.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിലെ മറൈൻ എൻഫോഴ്സ്മെന്റ് വള്ളം ‘ധീര’യിലെ ഗാർഡുമാരായ എം.പനിയടിമ, നസ്രത്ത്, റോബിൻ, റോബർട്ട് എന്നിവരുൾപ്പെട്ട സംഘമാണ് ആന്റണിയുടെ മൃതദേഹം കണ്ടെടുത്തത്.
തീരദേശ സ്റ്റേഷൻ എസ്എച്ച്ഒ സി.ബാബു കുറുപ്പ് ഉൾപ്പെട്ട സംഘം തുടർനടപടികൾ സ്വീകരിച്ചു.
മറ്റൊരു അപകടത്തിൽ കാണാതായ ജോണിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വിഴിഞ്ഞം ഫിഷറീസ് കൺട്രോൾ റൂം അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് വള്ളം ഉൾപ്പെടെ 3 വാടക പട്രോൾ ബോട്ടുകളും മറൈൻ ആംബുലൻസും തീരദേശ പൊലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തുന്നതായി ഫിഷറീസ് അസി.ഡയറക്ടർ ആർ.
മനു വ്യക്തമാക്കി. ജോൺ ഉൾപ്പെടെ 5 തൊഴിലാളികൾ ഉൾപ്പെട്ട
വള്ളം മറിഞ്ഞ് കടലിൽ വീണ സാജു (35), ദീപു (34), മനോജ് (35), ഷാജു (36) എന്നിവരെ മറ്റൊരു വള്ളം രക്ഷപ്പെടുത്തിയിരുന്നു. 5 പേരും വള്ളത്തിൽ പിടിച്ചു കിടക്കുകയായിരുന്നു.
ശക്തമായ തിരയടിയിൽ ജോണിനെ കാണാതാവുകയായിരുന്നു. അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖതീരത്തു ശക്തമായ കടലാക്രമണത്തിൽപെട്ടു ബോട്ടു മറിഞ്ഞാണ് ഫ്രീമോന്റെ വേർപാട് സംഭവിക്കുന്നത്.
ഇന്നലെ പുലർച്ചെയാണ് മൃതശരീരം കരയ്ക്കടിയുന്നത്. മത്സ്യത്തൊഴിലാളികളാണു മൃതദേഹം കണ്ടത്.
തുടർന്നു ബന്ധുക്കൾ സ്ഥലത്തെത്തി തിരിച്ചറിഞ്ഞു. വെള്ളി രാത്രി 10ന് തുറമുഖ കേന്ദ്രത്തിലെ അഴിമുഖത്താണ് അപകടമുണ്ടായത്.
4 പേർ ഉണ്ടായിരുന്ന കാരിയർ ബോട്ട് ശക്തമായ കടൽച്ചുഴിയിൽപെട്ടു നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 2 പേർ നീന്തി രക്ഷപ്പെട്ടു.
ഫ്രീമോനെയും ഷിജിനെയും കാണാതാവുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ നേവി ഹെലികോപ്റ്ററും കോസ്റ്റുഗാർഡ് വെസലും മുതലപ്പൊഴിയിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഷിജിനെ കണ്ടെത്താനായി നേവി, കോസ്റ്റ്ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴയും കടൽക്ഷോഭവും തിരച്ചിലിനു തടസ്സമാകുന്നുണ്ട്.
ഫ്രീമോന്റെ അകാല വേർപാടിൽ എന്തു ചെയ്യണമെന്നറിയാതെ നിശ്ചലാവസ്ഥയിലാണ് അമ്മയും രണ്ടു സഹോദരിമാരും. 52 ദിവസത്തിലേറെ നീണ്ട
ട്രോളിങ് നിരോധനം പിൻവലിച്ചതിനു പിന്നാലെ മത്സ്യബന്ധനത്തിനിറങ്ങിയത് ദുരന്തത്തിലേക്ക് വഴിമാറിയത് ഉറ്റ ബന്ധുക്കളെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി. വീട്ടിലെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണു ഫ്രീമോൻ.
സഹോദരിമാരായ ജനിഫറും ഏയ്ഞ്ചലും വിവാഹിതരായി മറ്റു സ്ഥലങ്ങളിലാണ് താമസിക്കുന്നത്. അമ്മ അമ്പിളി ദിവസവും കടപ്പുറത്തുനിന്നു മീനെടുത്ത് ഇരുചക്രവാഹനത്തിൽ സമീപ പ്രദേശങ്ങളിൽ വിൽപന നടത്തിയാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്.
അമ്മയുടെ തൊഴിലിൽ കുട്ടിക്കാലം മുതൽ ആകൃഷ്ടനായാണ് ഈ യുവാവ് കടൽ പണിയിലേക്ക് ഇറങ്ങിയത്. രണ്ടു മുറികളുള്ള വീട്ടിൽ അമ്മയും മകനും മാത്രമാണുള്ളത്.
കാണാതായ ഷിജിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ വൈകുന്നേരം പ്രതികൂല കാലാവസ്ഥ മൂലം നിർത്തിവച്ചിരുന്നു. കടൽക്കലിയിൽ നിന്നു എങ്ങനെ രക്ഷപ്പെട്ടെന്ന് ഓർക്കുമ്പോൾ പുല്ലുവിള പീപ്പിവിളാകം പുരയിടത്തിൽ ക്ലീറ്റസിന് (44) ഇപ്പോഴും നടുക്കം മാറുന്നില്ല.
31ന് രാത്രിയിലെ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ആന്റണിക്കൊപ്പം മത്സ്യബന്ധനത്തിന് ക്ലീറ്റസും ഒപ്പമുണ്ടായിരുന്നു. മര്യദാസനാണ് ഈ അപകടത്തിൽ നിന്ന് രക്ഷപെട്ട
മറ്റൊരു തൊഴിലാളി. ശംഖുമുഖം–വെട്ടുകാട് ഭാഗത്തെ കടലിൽ വലയിടാൻ ശ്രമിക്കുമ്പോൾ ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
കടൽ വല്ലാതെ ക്ഷോഭിച്ചതോടെ മടങ്ങിവരാൻ തീരുമാനിക്കുകയായിരുന്നു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തേയ്ക്കു കയറാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ തുറമുഖ പ്രവേശന കവാടത്തിനു സമീപം എൻജിൻ പ്രവർത്തനം നിലച്ചു.
വീണ്ടും സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ശക്തമായ തിര വള്ളത്തെ എടുത്തെറിഞ്ഞു. പുലിമുട്ടിന്റെ കൂറ്റൻ കരിങ്കൽഭിത്തിയിൽ വള്ളം ഇടിച്ചെന്ന് തോന്നി.
എങ്ങനെയോ കരിങ്കല്ലുകൾക്കു മുകളിൽ വലിഞ്ഞു കയറാനായി. രാത്രിയിലെ ഇരുട്ടും തിരത്തള്ളലും കാരണം ഒപ്പമുള്ളവർ പിന്നാലെയുണ്ടോ എന്നറിയാനായില്ല.
തീരത്തെത്തിയെങ്കിലും ശ്വാസതടസ്സം നേരിട്ടു. അവശനായി മണലിൽ വീണ അദ്ദേഹം കുറെനേരം അവിടെ കിടന്നു.
നേരം പുലരാറായപ്പോഴാണ് എഴുന്നേറ്റത്. കടൽ രക്ഷാപ്രവർത്തനത്തിന് സാങ്കേതിക സൗകര്യങ്ങളുള്ള കൂടുതൽ വേഗമുള്ള ബോട്ട് വേണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
രക്ഷാപ്രവർത്തനത്തിനായി ഇതുവരെ സജ്ജമാക്കിയ ബോട്ടുകൾ എല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ ആവശ്യം ഉയരുന്നത്.
നിലവിൽ 9 കോടി രൂപ മുടക്കി നീറ്റിലിറക്കിയ മറൈൻ ആംബുലൻസ് രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്നില്ല എന്നാണു പ്രധാന പരാതി. സാങ്കേതിക കാരണങ്ങളാൽ ആംബുലൻസ് മാസങ്ങളായി പട്രോളിങിന് ഇറങ്ങിയിരുന്നില്ല.
കരാർ കാലാവധി കഴിഞ്ഞ വാടക ബോട്ടുകളാണ് പകരം ഏർപ്പെടുത്തിയിരുന്നത്. കാലാവധി പിന്നിട്ട
ഇത്തരം വാടക ബോട്ടുകൾക്ക് പകരം പുതിയവ എത്തിക്കാനുള്ള ശ്രമം നടത്തയാണെന്ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അധികൃതർ വ്യക്തമാക്കി. മോശം കാലാവസ്ഥ തുടരുന്നതിനാൽ ഇന്നും നാളെയും കടലിൽ മത്സ്യബന്ധനം പാടില്ലെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിലും കടലാക്രമണത്തിലും ദുരിതത്തിലായ തീരദേശ ജനതയ്ക്ക് സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) തിരുവനന്തപുരം അതിരൂപത ആവശ്യപ്പെട്ടു. കടലിൽ പോയി തിരിച്ച് എത്താത്തവരുടെയും പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് ഉടനെ ധനസഹായം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വള്ളങ്ങളും വലകളും പൂർണമായും നഷ്ടപ്പെട്ടവർക്കും കേടുപാടുകൾ സംഭവിച്ച വള്ളങ്ങൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ തീരദേശത്ത് സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അടിയന്തര നടപടി വേണം.
മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയിലാണെന്നും കെഎൽസിഎ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

