കേരളത്തിൽ സ്വർണവിലയിൽ ഇന്ന് യാതൊരുവിധ മാറ്റവുമില്ല. ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 13,220 രൂപയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവൻ സ്വർണത്തിന് 1,05,760 രൂപ നൽകേണ്ടതുണ്ട്. അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണം കാര്യമായി മുന്നേറാത്തതാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിച്ചത്.
ഇറാനിൽ നടത്താനിരുന്ന ആക്രമണം റദ്ദാക്കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത് ക്രൂഡോയിൽ വിലയിൽ വൻ ഇടിവിന് കാരണമായി. ഹോർമുസ് കടലിടുക്ക് തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള കരാറിലെത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ആറു പ്രധാന കറൻസികൾക്കെതിരെയുള്ള യുഎസ് ഡോളർ സൂചിക 0.5 ശതമാനം ഇടിഞ്ഞ് 99.42 ലെത്തി. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കുറഞ്ഞത് ഡിമാൻഡ് വർധിപ്പിച്ച് വില ഉയർത്തേണ്ടതായിരുന്നു.
എന്നാൽ, യുഎസ് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്കയാണ് വിലക്കയറ്റത്തിന് പ്രധാന തടസ്സമാകുന്നത്. പലിശ നിരക്കിൽ 25 ബേസിസ് പോയിന്റെങ്കിലും വർധന വരുത്താതെ രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിയില്ലെന്നാണ് ഫെഡ് അംഗങ്ങളുടെ അടക്കമുള്ള നിലപാട്.
ജൂലൈയിൽ നടന്ന ഫെഡ് പണനയ യോഗത്തിൽ പലിശ വർധനയെ എതിർത്തവർ പോലും ഇപ്പോൾ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളാകും ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്.
ഇതിലൂടെ പലിശ നിരക്കിന്റെ ഭാവി ദിശ സംബന്ധിച്ച് വ്യക്തത ലഭിക്കും. വെള്ളിയാഴ്ച ഔൺസിന് 4043 ഡോളർ നിരക്കിൽ ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണവില ഇന്ന് 4078 ഡോളർ വരെയേ ഉയർന്നിട്ടുള്ളൂ.
ഇറാൻ-യുഎസ് സമാധാന ചർച്ചകളിൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായാൽ അത് സ്വർണവില വർധിക്കാൻ വഴിയൊരുക്കും. ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചാൽ ക്രൂഡോയിൽ വിലയ്ക്കൊപ്പം ഡോളർ സൂചികയും ഇടിയും.
ഇത് സ്വർണത്തിന്റെ ഡിമാൻഡ് വീണ്ടും ഉയർത്താൻ ഇടയാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.2 ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ.
പത്തു ശതമാനം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടെയാണിത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,860 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൂടാതെ, വെള്ളി വില ഗ്രാമിന് 235 രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

