പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മനുഷ്യ അവയവ കള്ളക്കടത്ത് സംഘത്തെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികൂടി. പ്രായമാകുന്നത് തടയുന്നതിനുള്ള (ആൻ്റി ഏജിംഗ്) ഇൻജക്ഷനുകൾ നിർമ്മിക്കുന്നതിനായി ആശുപത്രികളിൽ നിന്ന് മറുപിള്ള (പ്ലാസന്റ) മോഷ്ടിച്ച് വിൽപന നടത്തിവന്ന സംഘമാണ് പിടിയിലായത്.
ഇസ്ലാമാബാദിൽ നടത്തിയ പരിശോധനയിൽ 500 കിലോയോളം മറുപിള്ളയുമായാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
റാവൽപിണ്ടി, ഇസ്ലാമാബാദ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. ഓരോ മറുപിള്ളയ്ക്കും 800 രൂപ നിരക്കിലാണ് ഇവർ ആശുപത്രികളിൽ നിന്ന് ശേഖരിച്ചിരുന്നത്.
പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന മറുപിള്ളകൾ മാലിന്യ നിർമ്മാർജ്ജന കരാറുകളുള്ള കമ്പനികളുമായി ഒത്തുകളിച്ചാണ് ഇവർ കൈക്കലാക്കിയിരുന്നത്. ശേഖരിക്കുന്ന പ്ലാസന്റകൾ ഉണക്കി സംസ്കരിച്ച ശേഷം വിദേശത്തേക്ക് കടത്തുകയായിരുന്നു രീതി.
ബുധനാഴ്ച ഇസ്ലാമാബാദ് വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് കയറ്റി അയയ്ക്കാൻ തയ്യാറാക്കി വെച്ചിരുന്ന 100 കിലോ മനുഷ്യ ശരീര കോശങ്ങളും അധികൃതർ പിടിച്ചെടുത്തു. ഈ സംഘം വിപുലമായ ഒരു ശൃംഖലയുടെ ഭാഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
ലാഹോർ, പേഷ്വാർ തുടങ്ങിയ നഗരങ്ങളിലും സംഘത്തിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. പിടിയിലായ പ്രതികൾ ആദ്യം കൈവശമുള്ളത് ആടുകളുടെ പ്ലാസന്റയാണെന്ന് വാദിച്ചെങ്കിലും, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവർ നിർമ്മിക്കുന്ന ഒരു ഇൻജക്ഷന് ഏകദേശം 7,00,000 രൂപ വരെയാണ് വിപണിയിൽ വില ഈടാക്കുന്നത്. ഇസ്ലാമാബാദിലെ അതീവ സുരക്ഷയുള്ള എഫ്-7 സെക്ടറിലെ ഒരു ആഡംബര വസതി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.
പാകിസ്ഥാനിലെ നിയമപ്രകാരം മനുഷ്യ അവയവങ്ങൾ അനധികൃതമായി ശേഖരിക്കുന്നത് പത്ത് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. നേരത്തെ ഇതേ മേഖലയിൽ പാവപ്പെട്ടവരിൽ നിന്ന് വൃക്കകൾ ബലമായി നീക്കം ചെയ്ത് വിൽപന നടത്തിയിരുന്ന മാഫിയകളെയും അധികൃതർ പിടികൂടിയിരുന്നു.
പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമായ പ്ലാസന്റ ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തിന് സഹായിക്കുമെന്ന അന്ധവിശ്വാസമാണ് ഈ കള്ളക്കടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

