ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ നിലവിൽ അനുകൂലമായ സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധി ഘട്ടങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വലിയ തോതിൽ വർധിച്ചപ്പോഴും ഇന്ത്യയിൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്തിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് വികസിത രാജ്യങ്ങളിലും എണ്ണ ഉൽപാദക രാജ്യങ്ങളിലും ഇന്ധനവില 20 മുതൽ 35 ശതമാനം വരെ വർധിപ്പിച്ചപ്പോൾ, ഇന്ത്യയിൽ പെട്രോൾ വിലയിൽ അഞ്ച് ശതമാനം വർധനവ് മാത്രമാണ് ഉണ്ടായത്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 2.1 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഈ വർഷത്തെ ആദ്യ പാദത്തിൽ മാത്രം 74,781 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾ നേരിട്ടത്. നിലവിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിനോട് അടുത്താണ്.
എന്നാൽ സംഘർഷസമയത്ത് ഇത് 125 ഡോളറിന് മുകളിൽ എത്തിയിരുന്നു. ഹർദീപ് സിങ് പുരി പറയുന്നതനുസരിച്ച്, നിലവിൽ വിപണിയിലുള്ള ഇന്ധനം നേരത്തെ കൂടിയ വിലയ്ക്ക് വാങ്ങിയ ക്രൂഡോയിലിൽ നിന്ന് ഉൽപാദിപ്പിച്ചതാണ്.
ക്രൂഡോയിൽ ശുദ്ധീകരിച്ച് വിപണിയിലെത്താൻ രണ്ട് മാസത്തിലേറെ സമയം ആവശ്യമാണ്. അതിനാൽ, രാജ്യാന്തര വിപണിയിലെ കുറഞ്ഞ വില തുടർച്ചയായി രണ്ടു മൂന്ന് മാസങ്ങൾ നീണ്ടുനിന്നാൽ മാത്രമേ ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സാധിക്കൂ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ നീക്കത്തിന് ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിയതോടെ ഇന്ധന വിതരണത്തിലെ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമിട്ട് രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പുതിയ എണ്ണശുദ്ധീകരണശാല ഉടൻ പ്രവർത്തനം തുടങ്ങും.
വരും ആറുമാസത്തിനുള്ളിൽ രാജ്യത്തെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷി പ്രതിവർഷം 270 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 300 ദശലക്ഷം മെട്രിക് ടണ്ണായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

