ഫിഫ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഒയർസബാൽ നേടിയ ഇരട്ട
ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിനിന് കരുത്തുറ്റ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സ്പാനിഷ് മുന്നേറ്റനിര ഓസ്ട്രിയൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ യുവതാരം ലമീൻ യമാൽ ഓസ്ട്രിയൻ ഗോൾമുഖത്തേക്ക് നടത്തിയ ഷോട്ട് എതിർ ഗോൾകീപ്പർ കഷ്ടപ്പെട്ടാണ് തട്ടിയകറ്റിയത്. തുടർന്ന് 36-ാം മിനിറ്റിൽ മാർക് കുകുറെല നൽകിയ ക്രോസ് കൃത്യമായി ഉപയോഗപ്പെടുത്തി ഒയർസബാൽ സ്പെയിനിന്റെ ആദ്യ ഗോൾ നേടി.
45-ാം മിനിറ്റിൽ മിച്ചൽ ഗ്രെഗോറിഷ് ഓസ്ട്രിയയ്ക്കായി ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു. രണ്ടാം പകുതിയിലും സ്പെയിൻ ആധിപത്യം തുടർന്നു.
66-ാം മിനിറ്റിൽ അലക്സ് ബെന നൽകിയ അസിസ്റ്റിൽ നിന്നും മനോഹരമായ ഹെഡറിലൂടെ പെഡ്രോ പൊറോ സ്പാനിഷ് ജഴ്സിയിലെ തന്റെ കന്നി ഗോൾ സ്വന്തമാക്കി. തുടർന്ന് 89-ാം മിനിറ്റിൽ ഒയർസബാൽ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തിയതോടെ ഓസ്ട്രിയയുടെ പ്രതീക്ഷകൾ അവസാനിച്ചു.
ഇഞ്ചുറി ടൈമിലും തിരിച്ചുവരവിനുള്ള ഓസ്ട്രിയയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. 3-0 എന്ന സ്കോർലൈനിൽ വിജയിച്ച സ്പെയിൻ ഇതോടെ ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
പ്രീക്വാർട്ടറിൽ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ സ്പെയിൻ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

