ലഹരിമരുന്ന് കേസുകളിൽ പ്രതികളായി വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാൻ തൃശൂർ റൂറൽ പോലീസ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി ബി.
കൃഷ്ണകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.ഡി.പി.എസ് നിയമം പ്രകാരം മുമ്പ് ശിക്ഷിക്കപ്പെട്ടവർ വീണ്ടും ഇതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഗൗരവമായാണ് പോലീസ് കാണുന്നത്.
കുറ്റം ചെയ്യുകയോ, അതിന് ശ്രമിക്കുകയോ, പ്രേരണ നൽകുകയോ, തയ്യാറെടുപ്പുകൾ നടത്തുകയോ അല്ലെങ്കിൽ ഗൂഢാലോചനയിൽ പങ്കാളിയാവുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റം ചെയ്താൽ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും. ഇത്തരത്തിൽ ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക്, ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിനതടവിൻ്റെ ഒന്നര ഇരട്ടി വരെ തടവും, പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയും വർദ്ധിപ്പിച്ചു നൽകാൻ ഈ വകുപ്പിൽ വ്യവസ്ഥയുണ്ട്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ട് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 103 പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട
കോടതികളിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞു. ലഹരി മാഫിയക്കെതിരെ സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന ജില്ലകളിലൊന്നാണ് തൃശൂർ റൂറൽ.
കുറ്റവാളികൾക്ക് നിയമത്തിന്റെ പരമാവധി ശിക്ഷ ഉറപ്പാക്കി മയക്കുമരുന്ന് വ്യാപനം പൂർണമായും തടയുകയാണ് പോലീസ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ബി.
കൃഷ്ണകുമാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

