വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത ഭരണഘടനയിലും നയതന്ത്ര തീരുമാനങ്ങളിലും മുജ്തബ ഖമനെയി കൂടുതൽ സജീവമായി ഇടപെടുന്നുണ്ടെന്ന സൂചനകൾ പുറത്തുവന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആണ് നിർണായകമായ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുമ്പാകെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ നടന്ന വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനെയി പൊതുമണ്ഡലത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
എന്നാൽ, അദ്ദേഹം സുരക്ഷിതനാണെന്നും മധ്യസ്ഥർ മുഖേനയും രേഖാമൂലമുള്ള നിർദ്ദേശങ്ങളിലൂടെയും രാജ്യത്തിന്റെ നിർണായക തീരുമാനങ്ങളിൽ പങ്കാളിയാകുന്നുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ നിലവിൽ ഇറാൻ പരിശോധിച്ചുവരികയാണ്.
നേരത്തെ ചർച്ചകൾക്ക് പോലും വിസമ്മതിച്ചിരുന്ന ആണവ പദ്ധതിയുടെ ചില ഘടകങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് പുരോഗതിയുടെ ലക്ഷണമാണെങ്കിലും, അന്തിമ കരാറിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.
സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനസ്ഥാപിക്കുക തുടങ്ങിയ കർശന ഉപാധികളാണ് യുഎസ് മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, സമാധാന നിർദ്ദേശങ്ങൾ പഠിച്ചുവരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ യുഎസുമായി നേരിട്ടുള്ള ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഇറാൻ വാർത്താ ഏജൻസികൾ അറിയിച്ചു.
യുഎസുമായുള്ള മുൻകാല കരാറുകളിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി വളരെ സൂക്ഷ്മമായ സമീപനമാണ് ഇറാൻ സ്വീകരിക്കുന്നത്. ലെബനനിലെ ഇസ്രായേൽ സൈനിക നടപടികൾ നിലവിലെ ചർച്ചാ പ്രക്രിയയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

