ഭരണം നഷ്ടമായതിന്റെ പശ്ചാത്തലത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ജനങ്ങളെ അവഗണിച്ച് സാമ്പത്തിക നേട്ടങ്ങൾക്ക് പിന്നാലെ പാഞ്ഞ നേതാക്കളുടെ നടപടികളാണ് പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം ആരോപിക്കുന്നു. തുടർഭരണം ലഭിച്ചതിന് പിന്നാലെ നേതാക്കളും അണികളും സുഖലോലുപരായെന്നും, അധികാരം നഷ്ടപ്പെട്ടതോടെ ബ്രാഞ്ച് കമ്മിറ്റി മുതൽ പൊളിറ്റ് ബ്യൂറോ വരെ എല്ലാ കുറ്റങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പാർട്ടി ഓഫിസുകൾ ഇടനിലക്കാരുടെയും അധികാര ദല്ലാൾമാരുടെയും പിടിയിലാണെന്നും, ബ്രാൻഡഡ് വസ്ത്രങ്ങളും ആഡംബര വാഹനങ്ങളും ഉപയോഗിക്കുന്ന ഇവർ പാർട്ടി സംസ്കാരത്തെ അട്ടിമറിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിദ്യാർഥി നേതാക്കൾ മുതൽ ഏരിയ സെക്രട്ടറിമാർ വരെ അഹങ്കാരത്തോടെ പെരുമാറുന്നുവെന്നും, സിപിഐയുടെ നിലപാടുകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിൽ നടന്ന അഴിമതികൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി. ന്യൂനപക്ഷ പ്രീണനവും തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ ഓഫിസ് പി. ശശിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും, പല കാര്യങ്ങളിലും പിണറായി വിജയൻ അറിയാതെ ഉപജാപക സംഘം തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.
എന്നാൽ, വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി.
വെള്ളാപ്പള്ളിയുടെ അഭിപ്രായങ്ങളെ പാർട്ടി പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും ഓരോരുത്തരും അവരവരുടെ വാദങ്ങൾ ഉന്നയിക്കുന്നു എന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് സമാനമാണ് വെള്ളാപ്പള്ളിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

