സ്വയംതൊഴിൽ പദ്ധതിക്കായി വായ്പ ലഭിക്കാത്തതിനെത്തുടർന്ന് ബുദ്ധിമുട്ടിലായ വനിതയ്ക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി രാജകുമാരി ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ ഗംഗാ ഋഷികേശിന് ആണ് അദ്ദേഹം ഓട്ടോറിക്ഷ വാങ്ങി നൽകിയത്.
രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തിപ്പോരുന്നത്. ജീവിതശൈലീ രോഗങ്ങൾ മൂലം മുൻപ് ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകാനായി ഗംഗ ഒരു സ്വയംതൊഴിൽ സംരംഭത്തിന് തുടക്കമിടാൻ തീരുമാനിച്ചത്. ഏഴ് വർഷം മുൻപ് ഒരു ദേശസാൽകൃത ബാങ്കിനെ സമീപിച്ചെങ്കിലും, മുദ്ര ലോൺ പദ്ധതിയില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചത്.
തുടർന്ന്, 2025 സെപ്റ്റംബർ 30-ന് മൂലമറ്റത്ത് നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ വെച്ചാണ് ഗംഗ കേന്ദ്രമന്ത്രിയെ കണ്ടുമുട്ടിയത്. തന്റെ പ്രയാസങ്ങൾ നേരിട്ട് അറിയിക്കാനായി 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ മൂലമറ്റത്ത് എത്തിയത്.
ഗംഗയുടെ അവസ്ഥ കേട്ടറിഞ്ഞ സുരേഷ് ഗോപി, ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ ഓഫീസ് മുഖേന നടപടികൾ പൂർത്തിയാക്കി അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ കൈമാറി.
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടെ ലഭിച്ച ഈ സഹായം വലിയ ആശ്വാസമാണെന്ന് ഗംഗ പറഞ്ഞു. വിഡിയോ കോളിലൂടെ കേന്ദ്രമന്ത്രിയെ ബന്ധപ്പെട്ട
ഗംഗ തന്റെ നന്ദി അറിയിക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ ഗംഗ ഓട്ടോറിക്ഷ ഓടിച്ച് വരുമാന മാർഗ്ഗം കണ്ടെത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

