ഇന്ത്യയിലെ വീടുകളിൽ ഏകദേശം 30,000 ടണ്ണിലധികം സ്വർണം യാതൊരുവിധ ഉപയോഗവുമില്ലാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവ വെറുതെ സൂക്ഷിക്കുന്നത് കൊണ്ട് ഉപഭോക്താക്കൾക്കോ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കോ യാതൊരുവിധ നേട്ടവുമില്ല.
ഈ കരുതൽ ശേഖരത്തിന്റെ ചെറിയൊരു ഭാഗം പോലും വിപണിയിലേക്ക് തിരികെ എത്തിക്കാനായാൽ രാജ്യത്തിന് അത് വലിയതോതിൽ ഗുണം ചെയ്യും. ഓരോ വർഷവും ഇന്ത്യ ഏകദേശം 700-800 ടൺ സ്വർണമാണ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നത്.
ഇതിനായി ലക്ഷംകോടിക്കണക്കിന് രൂപയുടെ വിദേശനാണ്യമാണ് രാജ്യം ചെലവഴിക്കുന്നത്. ഇത്തരത്തിൽ വലിയ തോതിൽ വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് ആഭ്യന്തര സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.
ഇത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ വർധിപ്പിക്കാനും പണപ്പെരുപ്പം ഉയരാനും, രൂപയുടെ മൂല്യം ഇടിയാനും ഒടുവിൽ ജിഡിപി വളർച്ചയെത്തന്നെ തടസ്സപ്പെടുത്താനും ഇടയാക്കും. ഈ പശ്ചാത്തലത്തിൽ, വീടുകളിൽ അലക്ഷ്യമായി കിടക്കുന്ന പഴയ സ്വർണം വിപണിയിലെത്തിക്കാൻ സാധിച്ചാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിറ്റ് പണമാക്കുകയോ അല്ലെങ്കിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ ട്രെൻഡിലുള്ള ആഭരണങ്ങൾ സ്വന്തമാക്കുകയോ ചെയ്യാം. ജ്വല്ലറികൾ ഇത്തരത്തിൽ ശേഖരിക്കുന്ന പഴയ സ്വർണം പുതുക്കിപ്പണിത് വീണ്ടും വിപണിയിൽ എത്തിക്കുന്നു.
ഇത് വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഇറക്കുമതി ആശ്രയത്വം ലഘൂകരിക്കാനും സഹായിക്കും. മാത്രമല്ല, വിലക്കയറ്റത്തിന്റെ ഭാരമില്ലാതെ പുതിയ ഡിസൈനുകളിലേക്ക് മാറാൻ ഉപഭോക്താക്കൾക്കും ഇത് അവസരമൊരുക്കുന്നു.
ഉത്സവകാലവും വിലക്കുറവും നൽകുന്ന പ്രതീക്ഷകൾ 2026 ജനുവരി 29-ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമായിരുന്നു. ഇത് കേരളത്തിലെ സർവകാല റെക്കോർഡായിരുന്നു.
എന്നാൽ നിലവിൽ ഗ്രാമിന് 12,800 രൂപയും പവന് 1,02,400 രൂപയുമാണ് നിരക്ക്. അതായത് റെക്കോർഡ് വിലയിൽ നിന്നും ഗ്രാമിന് 3595 രൂപയും പവന് 28,760 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
മുൻപ് റെക്കോർഡ് കാലത്ത് പണിക്കൂലിയും ഹോൾമാർക്ക് ചാർജും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ ആഭരണം വാങ്ങാൻ ഒന്നരലക്ഷത്തോളം രൂപ വേണ്ടിയിരുന്ന സ്ഥാനത്ത്, ഇന്ന് 1.15 ലക്ഷം രൂപയ്ക്കടുത്ത് മതിയാകും. സ്വർണവില താരതമ്യേന താഴ്ന്നുനിൽക്കുന്നത് ദീപാവലി വിപണിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ വ്യക്തമാക്കി.
കേരളത്തിൽ ഇപ്പോൾ ദീപാവലി-ധൻതേരസ് ആഭരണ പർച്ചേസുകൾ സജീവമായി നടക്കുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ ജ്വല്ലറികളിലും നല്ല രീതിയിൽ വിൽപ്പന നടക്കുന്നുണ്ട്.
കഴിഞ്ഞവർഷം ഒക്ടോബർ 20-ന് ദീപാവലി വന്നപ്പോൾ ഗ്രാമിന് 11,980 രൂപയും പവന് 95,840 രൂപയുമായിരുന്നു വില. കഴിഞ്ഞവർഷം നവംബർ 3-ന് ഗ്രാം വില 11,290 രൂപയും പവൻവില 90,320 രൂപയുമായിരുന്നു.
ഒരു വർഷത്തിനിടെ പവന് 12,080 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വിലവ്യത്യാസം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമീപകാലത്തെ ഉയർന്ന വിലയിൽ നിന്നും വിപണി താഴേക്ക് വന്നിട്ടുള്ളതിനാൽ, വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപഭോക്താക്കൾ ആഭരണങ്ങൾ മുൻകൂട്ടി വാങ്ങി സൂക്ഷിക്കാൻ സാധ്യതയുണ്ട്. ഇത്തവണത്തെ ധൻതേരസ് വിപണിയും കേരളത്തിൽ അതിനിർണായകമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

