കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മോഷണങ്ങളും മോഷണശ്രമങ്ങളും റിപ്പോർട്ട് ചെയ്തു. പോത്താനിക്കാട് ഇല്ലിച്ചുവടിൽ നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ നിന്നും ഇലക്ട്രിക് ചെമ്പുവയറുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി.
വയറുകൾ അപഹരിച്ച പശ്ചിമ ബംഗാൾ സ്വദേശി മെഹബുൽ ഷാദാർ (40), മോഷണമുതൽ വാങ്ങിയ കാലാമ്പൂർ അഞ്ചൽപെട്ടിയിലെ ആക്രിക്കട ഉടമ പുത്തൻപുരയിൽ ഷെമീർ (43) എന്നിവരാണ് അറസ്റ്റിലായത്.
നിർമാണത്തിലിരിക്കുന്ന വീടിന്റെ വെൽഡിങ് ജോലികൾ കരാറെടുത്തിരുന്ന പുളിന്താനം സ്വദേശി പ്രദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോത്താനിക്കാട് സ്റ്റേഷൻ എസ്എച്ച്ഒ സി.ആർ.
രഞ്ജുമോൾ, എസ്ഐ നിജു കെ. ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇതിനുപുറമെ പ്രദേശത്ത് സമാനമായ മറ്റ് കുറ്റകൃത്യങ്ങളും നടന്നു. തങ്കളം കൈമലക്കടവ് റോഡിൽ കൗങ്ങമ്പിള്ളിൽ കെ.എം.
ഏലിയാസിന്റെ വീട്ടിൽ മോഷണശ്രമമുണ്ടായി. ഞായർ രാത്രി പത്തരയോടെയാണ് മോഷ്ടാവ് വീട്ടിലെത്തിയത്.
ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന വീട്ടുടമ മൊബൈൽ ഫോണിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ വഴി മോഷ്ടാവിനെ കണ്ട് ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തിയതോടെ മോഷ്ടാവ് ഇരുട്ടിന്റെ മറവിൽ ഓടിരക്ഷപ്പെട്ടു. പല്ലാരിമംഗലം വെയ്റ്റിങ്ഷെഡ് കവലയിലുള്ള ദാറുൽ ഇസ്ലാം ജമാഅത്ത് പള്ളിയുടെയും മുബാറക് മസ്ജിദിന്റെയും ഭണ്ഡാരങ്ങളും ഞായറാഴ്ച രാത്രി കവർച്ച ചെയ്യപ്പെട്ടു.
രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ടുകൾ തകർത്താണ് പണം അപഹരിച്ചിരിക്കുന്നത്. കൂടാതെ, പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ് പള്ളിക്കു സമീപം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീട്ടിലും ജനലഴികൾ തകർത്ത് മോഷണശ്രമം നടന്നു.
ഞായറാഴ്ച വൈകിട്ട് ആറരയോടെ വീട് പൂട്ടി കുടുംബം പള്ളിയിലെ പെരുന്നാളിന് പോയതായിരുന്നു. തുടർന്ന് രാത്രി ഒൻപതരയോടെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
വീടിന്റെ വരാന്തയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് മരംകൊണ്ടുള്ള ജനലഴികൾ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീടിനുള്ളിലെ അലമാരകളോ മേശകളോ ഒന്നും തന്നെ പൊളിച്ചിട്ടില്ലെങ്കിലും അടച്ചിട്ടിരുന്ന വാതിലുകളെല്ലാം തുറന്ന നിലയിലായിരുന്നു.
സമീപത്തു താമസിക്കുന്ന ബന്ധു രാത്രി ഒൻപതിയോടെ വാഹനവുമായി എത്തുന്നതുകണ്ട് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

