മുംബൈ: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.
ഭീഷണിയെ തുടർന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 1984-ലെ മദ്രാസ് വിമാനത്താവള സ്ഫോടനത്തിന് സമാനമായ ആക്രമണം നടത്തുമെന്നായിരുന്നു സന്ദേശം.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് ശനിയാഴ്ച പുലർച്ചെ 5.25 ഓടെയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ‘ഇൻഡിഗോ 68 ഹൈദരാബാദിൽ ഇറങ്ങുന്നത് തടയുക’ എന്ന വിഷയത്തോടുകൂടിയായിരുന്നു ഇ-മെയിൽ.
ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുകയായിരുന്ന 6E 68 വിമാനത്തിനാണ് ഭീഷണി ലഭിച്ചതെന്ന് ഇൻഡിഗോ എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, വിമാനം തൊട്ടടുത്തുള്ള വിമാനത്താവളമായ മുംബൈയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
എയർ ട്രാഫിക് കൺട്രോൾ മുഖേന പൈലറ്റിന് ഉടൻതന്നെ വിവരം കൈമാറി. രാവിലെ 9.10-ന് ഹൈദരാബാദിൽ എത്തേണ്ടിയിരുന്ന വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടത്.
മുംബൈ വിമാനത്താവളത്തിൽ വിമാനം വിശദമായ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിമാനം യാത്ര തുടർന്നു, വൈകുന്നേരം നാല് മണിയോടെ ഹൈദരാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങൾ ലഘൂകരിക്കുന്നതിനായി ലഘുഭക്ഷണവും കൃത്യമായ വിവരങ്ങളും നൽകിയിരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

