പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മ (77) ആണ് മരിച്ചത്.
ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. രത്നമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതും മൃതദേഹം കണ്ടെത്തിയ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതും കൊലപാതക സാധ്യത ബലപ്പെടുത്തുന്നു.
മൃതദേഹത്തിന് സമീപത്തുനിന്ന് രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. കൈഞരമ്പ് മുറിച്ച ശേഷം രത്നമ്മ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
എന്നാൽ ഇവർക്ക് സാമ്പത്തിക പ്രയാസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
മൃതദേഹം കണ്ടെത്തിയ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതും രത്നമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ല എന്നതും കൊലപാതകമെന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വ്യക്തത വരുമെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അടൂർ പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

