മലപ്പുറം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് കർശന പരിശോധന. ഒരേ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് ‘ഓപറേഷൻ തെളിവ്’ എന്ന പദ്ധതിയുടെ ഭാഗമായി രാത്രികാല പരിശോധന ശക്തമാക്കിയത്.
പരിശോധനയിൽ ഉപയോഗിക്കാൻ പാടില്ലാത്ത നിലയിലുള്ള 291.5 ലിറ്റർ ഭക്ഷ്യഎണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മറ്റ് ഭക്ഷണശാലകൾ എന്നിവടങ്ങളിലാണ് പരിശോധന നടന്നത്.
ആറ് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് ആകെ 141 സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. തുടർച്ചയായി ചൂടാക്കി ഗുണനിലവാരം പൂർണ്ണമായും നഷ്ടപ്പെട്ട
എണ്ണയാണ് ഇത്തരം സ്ഥാപനങ്ങളിൽ പാചകത്തിനായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഈ രീതിയിൽ പഴകിയ എണ്ണ ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ നാലാം ഷെഡ്യൂൾ നിബന്ധനകൾ ലംഘിച്ച 38 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും, രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകിയിട്ടുണ്ട്.
കൂടാതെ ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ നടപടിയും ആരംഭിച്ചു. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയുടെ നിലവാരം, അത് എത്ര തവണ ചൂടാക്കുന്നുണ്ട്, ഉപേക്ഷിക്കേണ്ടി വരുന്ന പഴകിയ എണ്ണ കൃത്യമായ രീതിയിലാണോ ഒഴിവാക്കുന്നത് തുടങ്ങിയ നിർണായക കാര്യങ്ങളും പരിശോധനാ സംഘം വിലയിരുത്തി.
ജനങ്ങളുടെ ആരോഗ്യത്തിന് കനത്ത ഭീഷണിയാകുന്ന ഈ പ്രവണത തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ രാജേഷ് സി.എസ്. പരിശോധനകൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

