തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി നാലാം മാസം തികയുമ്പോൾ മുന്നണി നേതൃത്വത്തിൽ വലിയ ഭിന്നത. മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ.
പാർട്ടി – സർക്കാർ ഏകോപനം ഇല്ലായ്മ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് ഇന്നലെ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം എഐസിസിക്ക് കത്ത് നൽകുമോ എന്നാണ് പാർട്ടി നേതാക്കൾ ഉറ്റുനോക്കുന്നത്.
അതൃപ്തി അറിയിച്ച് അടൂർ പ്രകാശ് എഐസിസിക്ക് കത്തു നൽകിയാൽ ബദൽ നീക്കം നടത്താനാണ് വിഡിഎസ് വിഭാഗത്തിന്റെ തീരുമാനം. അദ്ദേഹത്തിനെതിരെ കത്ത് നൽകുമെന്നും നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും ഈ വിഭാഗം വ്യക്തമാക്കുന്നു.
അടൂർ പ്രകാശിന്റെ വാദങ്ങളെ തള്ളി മന്ത്രിമാരും മുതിർന്ന നേതാവ് കെ മുരളീധരനും രംഗത്ത് വന്നിരുന്നു. അതേസമയം, വിമർശനം ഉന്നയിച്ച ദിവസവും വേദിയും തെറ്റായിപ്പോയെന്ന വിമർശനവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പോർമുഖം തുറന്നതിലാണ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുള്ളത്. മന്ത്രി ജനീഷിനെതിരായ ഡിവൈഎഫ്ഐ പ്രതിഷേധവും മറ്റ് നിർണ്ണായക രാഷ്ട്രീയ വിഷയങ്ങളും മുൻനിർത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് അടൂർ പ്രകാശിന്റെ ഈ പ്രഹരമുണ്ടായത്.
നിലവിൽ അദ്ദേഹം അടൂരിലെ വീട്ടിൽ തുടരുകയാണ്. മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.
പാർട്ടിയിൽ പറയേണ്ടത് പരസ്യമായി പറയില്ലെന്ന് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാക്കുകളിലും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരായ അതൃപ്തിയുടെ സൂചനയുണ്ട്. അഭിപ്രായം പറയേണ്ട
ചില കാര്യങ്ങളാണ് നടക്കുന്നതെന്ന് യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാൻ വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ മുന്നണി കണ്‍വീനര്‍ തുറന്നടിക്കുന്ന അസാധാരണ സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ ഉണ്ടായത്.
കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ചര്‍ച്ചകളിൽ പങ്കാളിത്തമില്ല, യുഡിഎഫ് യോഗം വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയ രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കണ്‍വീനര്‍ സ്ഥാനത്ത് ഇനി താൻ തുടരണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നാണ് അടൂർ പ്രകാശിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

