അകന്നു കഴിയുന്ന ഭാര്യയെ കൊലപാതക കേസിൽ കുടുക്കാനുള്ള ഭർത്താവിന്റെ ശ്രമം പരാജയപ്പെട്ടതോടെ പുറത്തുവന്നത് നാല് വർഷം മുൻപ് ഗുജറാത്തിലെ സൂറത്തിൽ നടന്ന കൊലപാതക പരമ്പര. സംഭവവുമായി ബന്ധപ്പെട്ട് മാധവദാസ് സാധു, ഭാര്യ ഊർമിള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സൂറത്തിലെ കോസംബയിൽ ശാന്താബെൻ എന്ന വയോധിക കൊല്ലപ്പെട്ടുവെന്നും മൃതദേഹം വീട്ടിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും കാണിച്ച് മാധവദാസ് പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ ഭാര്യയും ബന്ധുവുമാണ് ഇതിനു പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. സ്വത്തിനും പണത്തിനും വേണ്ടി 2022-ൽ ആണ് ഈ കൊലപാതക പരമ്പര അരങ്ങേറിയത്.
ഭാര്യയുടെ മുത്തശ്ശിയായ ശാന്താബെന്നിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹം വീപ്പയിൽ സിമെന്റ് നിറച്ച് മൂടുകയായിരുന്നു. തുടർന്ന് ഈ വീപ്പ വീട്ടിലെ കോർട്ടിയാർഡിൽ കുഴിച്ചിട്ടു.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു എന്നാണ് ഇവർ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനു പിന്നാലെ മാസങ്ങൾക്കകം ഊർമിളയുടെ സഹോദരിയായ ഭഗവതീബെൻ കമലേഷ്ഭായിയെയും മാധവദാസിന്റെ അമ്മ മഞ്ജുളാബെന്നിനെയും ഇവർ കൊലപ്പെടുത്തി.
ഇരുവരും കടുത്ത അസുഖബാധിതരായിട്ടാണ് മരിച്ചതെന്ന് വരുത്തി തീർക്കുകയായിരുന്നു പ്രതികൾ. ഈ കൊലപാതക പരമ്പരയ്ക്ക് ശേഷം സ്വർണവും പണവുമായി ഇരുവരും അകന്നുകഴിയാൻ തുടങ്ങിയതാണ് ഭർത്താവായ മാധവദാസിൽ ഭാര്യയോടുള്ള വൈരാഗ്യത്തിന് കാരണമായത്.
ഭാര്യയെ കള്ളക്കേസിൽ കുടുക്കി നശിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുവരുടെയും ക്രൂരത പുറത്തുവന്നത്. വീടിനകത്തു നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്ത പോലീസ് സംഭവത്തിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

