തലസ്ഥാനത്ത് ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷാവസ്ഥയ്ക്ക് കാരണം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്നുള്ള പ്രകോപനമെന്ന് പൊലീസ് വിശദീകരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലേക്ക് ഹോസ്റ്റലിലുള്ളവർ കൂവി വിളിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസുകാരും തിരിച്ച് കൂവി വിളിച്ചതോടെ ഹോസ്റ്റലിനുള്ളിൽ നിന്ന് ബീയർ കുപ്പികളടക്കം മാർച്ചിന് നേരെ വലിച്ചെറിയുകയായിരുന്നു. ഇതിന് മറുപടിയായി ഹോസ്റ്റൽ വളപ്പിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തങ്ങൾ എറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്.
പിന്നീട് പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയും അഗ്നിരക്ഷാസേനയെത്തി ഹോസ്റ്റൽ വളപ്പിലെ തീയണയ്ക്കുകയും ചെയ്തു. തുടർന്ന് ഏജീസ് ഓഫിസ് മാർച്ചിനായെത്തിയ യൂത്ത് കോൺഗ്രസ് വാഹനത്തിന് നേരെ യൂണിവേഴ്സിറ്റി കോളജ് പരിസരത്തു നിന്നും കല്ലേറുണ്ടായി.
ഇതോടെ മാർച്ച് കഴിഞ്ഞ് മടങ്ങിയ പ്രവർത്തകർ കൂട്ടത്തോടെ യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തേക്ക് എത്തുകയായിരുന്നു. റോഡിലും ഹോസ്റ്റൽ വളപ്പിലുമായി അണിനിരന്ന ഇരുവിഭാഗം പ്രവർത്തകരും പരസ്പരം കല്ലും വടിയും വലിച്ചെറിഞ്ഞു.
ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തിയതെന്ന് കമ്മിഷണർ അറിയിച്ചു. കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ കഴിഞ്ഞെങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ കല്ലേറ് തുടർന്നു.
അക്രമാസക്തരായവരെ ഹോസ്റ്റലിനുള്ളിലേക്ക് കയറ്റി പ്രധാന കവാടം അടയ്ക്കാനായി പൊലീസ് വളപ്പിലേക്ക് പ്രവേശിച്ചെങ്കിലും പൊലീസിന് നേരെയും ആക്രമണമുണ്ടായി. കല്ലേറിൽ ചില പൊലീസുകാർക്ക് പരിക്കേറ്റതോടെയാണ് ലാത്തി വീശേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, കോളജ് ഹോസ്റ്റലിൽ മദ്യക്കുപ്പികളും ലഹരിവസ്തുക്കളും എത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി റോജി.എം.ജോൺ പ്രതികരിച്ചു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഹോസ്റ്റലിൽ വിദ്യാർഥികൾ അല്ലാത്തവർ താമസിക്കുന്നത് കർശനമായി തടയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

