ഉത്തരേന്ത്യൻ നഗരങ്ങളിൽ കഴിയുന്ന മലയാളികൾക്ക് ഈ ഓണക്കാലവും വലിയ സാമ്പത്തിക ബാധ്യതയാകുന്നു. ന്യൂഡൽഹിയിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിക്കുന്നവരുടെ കീശ കീറുന്ന വിധത്തിലാണ് യാത്രാനിരക്കുകൾ കുത്തനെ ഉയർന്നിരിക്കുന്നത്.
ഒരു നാലംഗ കുടുംബത്തിന് ഓണാവധിയ്ക്ക് നാട്ടിൽ പോയി വന്നുചേരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് നിലവിൽ ചെലവ് കണക്കാക്കുന്നത്. പ്രധാനമായും ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാതിരിക്കുന്നതും വിമാനക്കമ്പനികൾ നിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചതുമാണ് പ്രവാസികളായ മലയാളികൾക്ക് ഇരുട്ടടിയായിരിക്കുന്നത്.
ഡൽഹിക്ക് പുറമെ ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിൽ താമസിക്കുന്നവരും കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. മിക്ക ഇടങ്ങളിൽ നിന്നും നേരിട്ട് ട്രെയിൻ സർവീസുകളോ വിമാനങ്ങളോ ഇല്ലാത്തതിനാൽ പലർക്കും ഡൽഹിയിൽ എത്തിയാണ് കേരളത്തിലേക്ക് യാത്ര തിരിക്കേണ്ടി വരുന്നത്.
ഡൽഹിക്ക് പ്രത്യേക ട്രെയിനുകളില്ല ഓണക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കേരളത്തിലേക്ക് 100 സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇതിൽ ഡൽഹിയിൽ നിന്നുള്ള പ്രത്യേക സർവീസുകൾ ഉൾപ്പെടുത്തിയിട്ടില്ല. ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചപ്പോൾ തലസ്ഥാനത്തെ അധികൃതർ തഴയുകയായിരുന്നു.
ഇത് മൂലം അവധിക്കാലത്ത് നാട്ടിലെത്താൻ കാത്തിരുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും അടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഡൽഹിയിൽ നിന്നും ദിവസേന കേരളത്തിലേക്ക് സർവീസ് നടത്തുന്ന കേരള എക്സ്പ്രസ്, മംഗള–ലക്ഷദ്വീപ് എക്സ്പ്രസ് എന്നിവയിൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾ പോലും ഇപ്പോഴും വെയിറ്റിങ് ലിസ്റ്റിലാണ്.
ഉത്തരേന്ത്യയിലെ ഉയർന്ന ചൂട് കാരണം സ്ലീപ്പർ ക്ലാസ് യാത്രയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. നിലവിൽ ഈ ട്രെയിനുകളിൽ തേഡ്, സെക്കൻഡ് എസി ടിക്കറ്റുകളും ലഭ്യമല്ല.
ഇതിനുപുറമേ രാജധാനി എക്സ്പ്രസ്, മിലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഹിമസാഗർ എക്സ്പ്രസ്, യശ്വന്ത്പുര– കൊച്ചുവേളി എക്സ്പ്രസ്, സമ്പർക്കക്രാന്തി എക്സ്പ്രസ്, അമൃത്സർ– കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, നിസാമുദ്ദീൻ– തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സ്വർണ ജയന്തി എക്സ്പ്രസ്, നിസാമുദ്ദീൻ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളിലും നിലവിൽ ടിക്കറ്റ് ലഭ്യതയില്ല. മാനംമുട്ടി വിമാന ടിക്കറ്റ് നിരക്കുകൾ ട്രെയിൻ യാത്രാ സൗകര്യങ്ങൾ അപ്രാപ്യമായതോടെ സാധാരണക്കാർ വിമാനയാത്രയെ ആശ്രയിക്കാമെന്നു വെച്ചാൽ അതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്.
ഡൽഹിയിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ 15,000 രൂപയ്ക്ക് മുകളിലാണ്. തിരികെ വരുന്ന യാത്രാവേളയിലും ഏകദേശം സമാനമായ തുക ടിക്കറ്റിനായി നൽകേണ്ടി വരുന്നു.
രണ്ട് കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് വിമാനമാർഗ്ഗം കേരളത്തിലേക്ക് യാത്ര ചെയ്യണമെങ്കിൽ മാത്രം ഏകദേശം 60,000 രൂപയോളം ചെലവ് വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

