പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടയിൽ ജനം കടുത്ത ദുരിതത്തിൽ.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണയും കോരുത്തോട്, അരിയാഞ്ഞിലിമണ്ണ് കോസ്വേകൾ വെള്ളത്തിനടിയിലായതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ട നിലയിലാണ്.
മൂന്നു വശവും വനത്താലും ഒരു വശം പമ്പാനദിയാലും ചുറ്റപ്പെട്ട ഈ മേഖലകളിൽ യാത്രാസൗകര്യങ്ങൾ പൂർണ്ണമായും സ്തംഭിച്ചു.
കുരുമ്പൻമൂഴി നിവാസികൾക്ക് ഏറെ ആശ്വാസമായിരുന്ന പെരുന്തേനരുവിയിൽ നിന്നുള്ള വനപാതയും അടുക്കളപ്പാറ കടവിൽ വെള്ളം കയറിയതോടെ അടഞ്ഞു. അരിയാഞ്ഞിലിമണ്ണിൽ പട്ടികവർഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ തൂക്കുപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും പണി പൂർത്തിയാകാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
2018 ലെ പ്രളയത്തിനു ശേഷം പമ്പാനദിയുടെ അടിത്തട്ടിലും തോടുകളിലും അടിഞ്ഞുകൂടിയ ചെളിയും മണലുമാണ് ഈ വർഷത്തെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ തടയണയുടെ അടിത്തട്ടും എക്കൽ അടിഞ്ഞു നിറഞ്ഞിരിക്കുകയാണ്.
ചെറിയ മഴയിൽ പോലും നദി കരകവിയുന്ന അവസ്ഥയാണ്. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ ഗൃഹോപകരണങ്ങളും പാത്രങ്ങളും നശിച്ചു.
കിണറുകൾ തോറും മലിനജരം കയറിയത് കുടിവെള്ളക്ഷമതയെയും ബാധിച്ചിട്ടുണ്ട്. റാന്നി ടൗണിലും പരിസരങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ആശയവിനിമയ സംവിധാനങ്ങളെയും താറുമാറാക്കി.
സീതത്തോട് മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു. ആനച്ചന്തയിലും ചിറ്റാർ 86 മലയിലും മണ്ണിടിച്ചിലും കുടുന്ത പൊട്ടലുമുണ്ടായി.
മുണ്ടൻപാറ തോട്ടിലെ മലവെള്ളപ്പാച്ചിലിൽ സീതത്തോട് മാർക്കറ്റ് ജംക്ഷനു സമീപമുള്ള നിരവധി വീടുകളിൽ വെള്ളം കയറുകയും സംരക്ഷണ ഭിത്തി തകരുകയും ചെയ്തു. കക്കാട്ടാറ് കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ആങ്ങമൂഴിയിലെ തീരവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ചിറ്റാർ പഴയ ചപ്പാത്ത് മുങ്ങുകയും മഹാവിഷ്ണു ക്ഷേത്രത്തിന്റെ നവഗ്രഹ ക്ഷേത്ര ഭിത്തി തകരുകയും ചെയ്തു. പട്ടംകുളത്തിൽ വീട്ടിൽ സലിം, അനിൽഭവൻ ഓമന, കൊച്ചുവിളയിൽ രമേശൻ എന്നിവരുടെ വീടുകൾക്ക് കനത്ത നാശനഷ്ടമുണ്ടായി.
വെള്ളി വൈകുന്നേരം വരെ യാതൊരു ലക്ഷണങ്ങളും ഇല്ലാതിരുന്ന റാന്നിയിൽ അർദ്ധരാത്രിയോടെയാണ് പ്രളയാവസ്ഥ രൂപപ്പെട്ടത്. പുലർച്ചെ രണ്ടരയോടെ കല്ലാറിന്റെ തീരമായ കുമ്പിളത്താമണ്ണിലാണ് ആദ്യമായി വെള്ളം കയറിയത്.
തുടർന്ന് പമ്പയും കല്ലാറും കക്കാട്ടാറും കരകവിഞ്ഞൊഴുകുകയായിരുന്നു. പുനലൂർ – മൂവാറ്റുപുഴ പാതയിലെ മാമുക്ക് ജംക്ഷൻ, ഇട്ടിയപ്പാറ ടൗൺ, പേട്ട, ചെത്തോങ്കര തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി.
വിവരമറിഞ്ഞ് പുലർച്ചെ തന്നെ പഴകുളം മധു എംഎൽഎ റാന്നിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഗ്നിരക്ഷാസേനയും എൻഡിആർഎഫും വനംവകുപ്പും ചേർന്നുള്ള സംഘം ഡെങ്കി ബോബുകളും കുട്ടവഞ്ചികളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

