ഇന്ത്യയിലെ ധനകാര്യ മേഖലയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. വായ്പയെടുത്തവരുടെ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവെക്കുന്നതിനുള്ള കാലയളവിൽ റിസർവ് ബാങ്ക് വലിയ പരിഷ്കാരങ്ങൾ വരുത്തി.
വായ്പാ തിരിച്ചടവ് വിവരങ്ങൾ ക്രെഡിറ്റ് സ്കോറുകളിൽ പ്രതിഫലിക്കുന്നത് ഇനി മുതൽ കൂടുതൽ വേഗത്തിലാകും. മുൻപ് 2024 വരെ മാസത്തിലൊരിക്കൽ മാത്രമായിരുന്നു ബാങ്കുകൾ ഇത്തരം വിവരങ്ങൾ കൈമാറിയിരുന്നത്.
തുടർന്ന് 2025 ജനുവരി 1 മുതൽ ഇത് രണ്ടാഴ്ചയിലൊരിക്കലാക്കി ചുരുക്കിയിരുന്നു. എന്നാൽ, നിലവിൽ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, വായ്പാ വിവരങ്ങൾ മാസത്തിൽ നാല് തവണ അപ്ഡേറ്റ് ചെയ്യണം.
2025 ജൂലൈ ഒന്നു മുതലാണ് ഈ പുതിയ സംവിധാനം നിലവിൽ വരുന്നത്. പുതിയ അപ്ഡേഷൻ രീതി
ഇനി മുതൽ ഓരോ മാസവും 9, 16, 23 എന്നീ തീയതികളിലും മാസത്തിന്റെ അവസാന ദിവസത്തിലുമാണ് ബാങ്കുകൾ വായ്പാ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് കൈമാറേണ്ടത്.
ഓരോ നിശ്ചിത തീയതി കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ തന്നെ ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കണം. കൂടാതെ, ഓരോ മാസവും അഞ്ചാം തീയതി പൂർണ്ണമായ ക്രെഡിറ്റ് വിവരങ്ങൾ കൈമാറണമെന്നും നിർദ്ദേശമുണ്ട്.
ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ
വായ്പകൾ അടച്ചുതീർക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് സ്കോറിൽ മാറ്റം വരുന്നത് കാണാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വായ്പ തിരിച്ചടച്ച വിവരം ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും.
അതേസമയം, തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങളും ഇതേ വേഗത്തിൽ ക്രെഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തപ്പെടും. ദക്ഷ് പോർട്ടലിലെ നിരീക്ഷണം
കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ കൈമാറാത്ത ധനകാര്യസ്ഥാപനങ്ങളുടെ പട്ടിക ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ‘ദക്ഷ്’ എന്ന പോർട്ടൽ വഴി ആറ് മാസത്തിലൊരിക്കൽ റിപ്പോർട്ട് ചെയ്യണം.
കൂടാതെ, വായ്പയെടുത്തവരുടെ സി-കെവൈസി (തിരിച്ചറിയൽ) നമ്പർ കൂടി ബാങ്കുകൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകണമെന്ന് റിസർവ് ബാങ്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

