പരിയാരം കപ്പണത്തട്ട് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ രൂക്ഷമാവുകയായിരുന്നു.
ദേശീയപാതയുടെ നിർമ്മാണത്തിനായി വലിയ തോതിൽ കുന്നിടിച്ച പ്രദേശം സുരക്ഷിതമാക്കാൻ നേരത്തെ സിമന്റ് നെയ്ലിങ് നടത്തിയിരുന്നു. എന്നാൽ, ഈ ഭാഗത്തെ മണ്ണ് ഇപ്പോൾ ഇടിഞ്ഞുതാഴുന്നത് പ്രദേശവാസികളിലും യാത്രികരിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
റോഡിന്റെ താഴെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സിഎച്ച് നഗറിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെയുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് മഴവെള്ളത്തോടൊപ്പം മണ്ണും ചെളിയും ഒഴുകിയെത്തുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ മണ്ണിടിച്ചിലും ഭീഷണിയായിരിക്കുന്നത്.
വാഹനഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന ഈ പ്രതിഭാസം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഈ മേഖലയിൽ സ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

