യുഎസ് പ്രതിരോധ വകുപ്പുമായി ചേർന്ന് ഇന്ത്യയിൽ ആയുധ നിർമ്മാണ കരാർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ, തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അജീഷ് രാമചന്ദ്രൻ നേരിട്ടത് കനത്ത നഷ്ടങ്ങൾ. 40 വയസ്സിനുള്ളിൽ തന്റെ ഔദ്യോഗിക ജീവിതവും സമ്പാദ്യവും അജീഷിന് പൂർണ്ണമായും നഷ്ടമായി.
സംഭവം നടക്കുമ്പോൾ ദുബായിലെ പ്രമുഖ ഐടി കമ്പനിയിൽ 25,000 ദിർഹം (ഏകദേശം 6.25 ലക്ഷം രൂപ) മാസശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു അജീഷ്. മികച്ച വിദ്യാഭ്യാസവും സന്തോഷകരമായ കുടുംബജീവിതവും നയിച്ചിരുന്ന ഇദ്ദേഹത്തിന് നാട്ടിൽ 200 ആടുകളുള്ള ഫാമും ആഡംബര വാഹനങ്ങളുമുണ്ടായിരുന്നു.
വിപിവിവി കമ്പനിയുടെ കെണിയിൽപ്പെട്ടതോടെ രണ്ട് വർഷത്തിനുള്ളിൽ ഈ ജീവിതം തകർന്നു. വിപിവിവി ഇന്ത്യയിലുടനീളം സ്ഥാപിക്കുന്ന 129 ടൗൺഷിപ്പുകളിൽ ബാർ തുടങ്ങാനുള്ള അവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം ഇദ്ദേഹത്തെ വലയിലാക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമ്മർദ്ദത്തിലും പെട്ടതോടെ അജീഷിന്റെ ജീവിതരീതിയിൽ വലിയ മാറ്റങ്ങളുണ്ടായി. പ്രതിയായ വെങ്കിട്ട
വെങ്കിടിനെ നേരിട്ട് കൈകാര്യം ചെയ്യാൻ അദ്ദേഹം മുതിർന്നതോടെ, 34 ലക്ഷം രൂപ തിരികെ നൽകി വിപിവിവി അധികൃതർ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഈ തുകയുമായി അദ്ദേഹം വിദേശത്തേക്ക് മാറി.
നിലവിൽ ഇദ്ദേഹത്തിന് നാടുമായി ബന്ധമൊന്നുമില്ല. നേരത്തെ, തട്ടിപ്പുമായി ബന്ധപ്പെട്ട് വർക്കല പോലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാൻ ഒരു ഡിവൈഎസ്പി സുഹൃത്തായ അഭിഭാഷകൻ വഴി 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അജീഷ് വെളിപ്പെടുത്തുന്നു.
കൂടാതെ, ഈ കേസിലെ പ്രധാന കണ്ണിയായ കോഴിക്കോട് സ്വദേശി പി.സുമിത സുധാകർ തട്ടിയെടുത്ത പണം ദുബായിലെ ഷെൽ കമ്പനികളിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് തടയാൻ തെളിവുകൾ സഹിതം ദുബായ് പോലീസിന് വിവരം നൽകിയത് അജീഷാണ്. ഇതോടെ സുമിത ബഹ്റൈനിലേക്ക് താവളം മാറ്റി.
കൂടാതെ, വിപിവിവിയും യുഎസ് പ്രതിരോധ വകുപ്പും തമ്മിൽ യാതൊരു കരാറുമില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ അജീഷും സുഹൃത്ത് എസ്.ശ്രീറാമും ചേർന്ന് ഇന്ത്യൻ എംബസി വഴി നേടിയെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

