ഫോൺ നമ്പറുകൾക്ക് പകരമായി യൂസർനെയിം സംവിധാനം ഏർപ്പെടുത്താനുള്ള വാട്സാപ്പിന്റെ നീക്കത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി കമ്പനി രംഗത്തെത്തി. നിലവിൽ ഈ ഫീച്ചർ ഇന്ത്യയിൽ പ്രവർത്തനസജ്ജമല്ലെന്നും, ഈ വർഷം തന്നെ ഇത് ലഭ്യമാകുമെന്നും വാട്സാപ്പ് വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ ശേഷമേ പുതിയ ഫീച്ചർ നടപ്പിലാക്കൂ എന്ന് കമ്പനി ഉറപ്പുനൽകുന്നു. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ബഹുതല പ്രതിരോധ സംവിധാനങ്ങൾ വാട്സാപ്പ് വികസിപ്പിച്ചിട്ടുണ്ട്.
ഫോൺ നമ്പറില്ലാതെ വാട്സാപ്പ് അക്കൗണ്ട് നിർമ്മിക്കാൻ സാധിക്കില്ല എന്നത് ഇതിന്റെ ഭാഗമാണ്. കൃത്യമായ യൂസർനെയിം അറിയാതെ മറ്റൊരാൾക്ക് സന്ദേശം അയക്കാൻ കഴിയില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
അനാവശ്യ സന്ദേശങ്ങളും ആൾമാറാട്ടവും തടയാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകും. യൂസർനെയിം ഉപയോഗിച്ച് അജ്ഞാതർ മെസേജ് അയക്കുന്നത് തടയുന്നതിനായി നിശ്ചിത എണ്ണം സന്ദേശങ്ങൾ മാത്രമേ ആദ്യഘട്ടത്തിൽ അയക്കാൻ സാധിക്കൂ.
ഇത്തരത്തിൽ ലഭിക്കുന്ന ആദ്യ സന്ദേശത്തിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന സന്ദേശമാണെങ്കിൽ കൂടി അക്കാര്യം ഉപയോക്താവിനെ അറിയിക്കുമെന്നും കമ്പനി അറിയിച്ചു.
ഫോൺ നമ്പറുകൾ പങ്കുവെക്കാതെ തന്നെ ലോകമെമ്പാടുമുള്ള മൂന്ന് ബില്യണിലധികം ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് ഈ ഫീച്ചറിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ സംവിധാനം ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

