കേരള നിയമസഭയിൽ ഭരണപക്ഷ അംഗങ്ങളുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ രംഗത്തെത്തി. താൻ ഒരു സ്വതന്ത്ര എംഎൽഎ ആണെന്നും ഭരണപക്ഷം സഭയിൽ കയ്യടിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജനങ്ങൾ അറിയണമെന്നും അതിനായി ഒരു ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തെ തിരിച്ചടികളെക്കുറിച്ചും ജി സുധാകരൻ പരാമർശിച്ചു.
“മഞ്ഞക്കുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചത് കൊണ്ടാണ് രണ്ടടി പുറകോട്ട് വെക്കേണ്ടി വന്നത്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സജി ചെറിയാന്റെ മണ്ഡലത്തിൽ വീടുകളിലെ അടുക്കളയിൽ വരെ മഞ്ഞക്കുറ്റി സ്ഥാപിച്ച നടപടി തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നതായും അദ്ദേഹം സഭയെ ഓർമ്മിപ്പിച്ചു.
സാംസ്കാരിക നായകന്മാരെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അവർ അധികാരത്തിന് പിന്നാലെ പോകുന്നവരാണെന്നും പരിഹസിച്ചു. പുതിയ സർക്കാരിനെക്കുറിച്ച് നിലവിൽ നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 16-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ജനജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ഇന്ധനവില വർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
സംസ്ഥാന സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നികുതിയും സെസും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന വിഡി സതീശനെ ഓർമ്മിപ്പിച്ചുകൊണ്ട്, വാക്ക് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ വിലക്കയറ്റം രൂക്ഷമാക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചുവെങ്കിലും, നികുതി ഇളവുകൾ നൽകുന്നത് സംബന്ധിച്ച യാതൊരു സൂചനയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

