പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഈ ചരിത്രപരമായ തീരുമാനത്തോടെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99.38 ശതമാനവും തീരുവാരഹിതമായി മാറിയിരിക്കുകയാണ്.
മുൻപ് 15.33 ശതമാനം ഉൽപന്നങ്ങൾക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇന്ത്യയിലേക്കുള്ള ഒമാനി കയറ്റുമതിയിൽ 94.81 ശതമാനത്തിനും ഇതേ ഇളവ് ബാധകമാണ്.
ചില ഉൽപന്നങ്ങൾക്ക് ക്വോട്ട അടിസ്ഥാനത്തിലും മിനിമം ഇറക്കുമതി വില നിശ്ചയിച്ചുമാണ് നികുതി ഇളവുകൾ നൽകിയിരിക്കുന്നത്.
ഇതോടെ, ഒമാനിൽ നിന്നുള്ള ഈന്തപ്പഴത്തിന്റെ ഇറക്കുമതി തീരുവ കുറയുകയും ഇന്ത്യൻ വിപണിയിൽ വിലയിൽ കുറവുണ്ടാകുകയും ചെയ്യും. തന്ത്രപ്രധാനമായ വാണിജ്യ കേന്ദ്രം
ഹോർമുസ് കടലിടുക്കിന്റെ പരിധിയിൽപ്പെടാത്ത ഒമാനിലെ സലാല, ദുഖം തുറമുഖങ്ങൾ ഇന്ത്യയ്ക്ക് ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള സുരക്ഷിത മാർഗമായി മാറും.
കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച കരാർ കൃഷി, സമുദ്രോൽപന്നങ്ങൾ, ജ്വല്ലറി, ഫാർമ എന്നീ മേഖലകൾക്ക് വലിയ ഉണർവ് നൽകും. അതേസമയം, കർഷകരുടെ താൽപര്യം കണക്കിലെടുത്ത് ഡെയറി ഉൽപന്നങ്ങൾ, ധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യഎണ്ണ, റബർ, ലെതർ എന്നിവയെ കരാറിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൊഴിൽ മേഖലയിലെ മാറ്റങ്ങൾ
ഒമാനിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യൻ ജീവനക്കാരെ നിയമിക്കാനുള്ള അവസരം പുതിയ കരാറിലൂടെ ലഭിക്കും. മുൻപ് 20 ശതമാനമായിരുന്ന ഇൻട്ര-കോർപറേറ്റ് ട്രാൻസഫറീസ് പരിധി 50 ശതമാനമായി ഉയർത്തി.
ഒമാനി പൗരന്മാരെ നിയമിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെങ്കിലും, അതിന് ശേഷമുള്ള നിയമനങ്ങളിൽ ഇന്ത്യൻ ജീവനക്കാർക്ക് മുൻഗണന നൽകാം. കൂടാതെ, യുഎസ് എഫ്ഡിഎ അംഗീകാരമുള്ള മരുന്നുകൾക്ക് 90 ദിവസത്തിനുള്ളിൽ വിപണനാനുമതി (മാർക്കറ്റിങ് ഓതറൈസേഷൻ) ഒമാൻ നൽകും.
2006-ൽ അമേരിക്കയുമായി കരാർ ഒപ്പിട്ട ശേഷം ആദ്യമായാണ് ഒമാൻ മറ്റൊരു രാജ്യവുമായി ഉഭയകക്ഷി കരാറിലേർപ്പെടുന്നത്.
ജിസിസി കരാറിലേക്കുള്ള ചുവടുവെപ്പ്
ആറ് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുമായി ഇന്ത്യ നടത്തുന്ന സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകൾക്ക് ഈ കരാർ വലിയ കരുത്താകും. നിലവിൽ 1,118 കോടി ഡോളറിന്റെ വ്യാപാര ബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിലുള്ളത്.
കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ അഭിപ്രായപ്പെട്ടതനുസരിച്ച്, കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയ്ക്കും വിനോദസഞ്ചാരത്തിനും ഈ കരാർ ഗുണകരമാകും. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങൾക്കും ജ്വല്ലറി കയറ്റുമതിക്കും ഉണ്ടായിരുന്ന 5 ശതമാനം തീരുവ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
വിദഗ്ധ തൊഴിലാളികൾക്ക് ഒമാനിൽ താമസിക്കാനുള്ള അനുമതി കാലാവധി 90 ദിവസത്തിൽ നിന്ന് 2 വർഷമായി ഉയർത്തിയതും നേട്ടമാണ്. ആവശ്യമെങ്കിൽ ഇത് രണ്ടു വർഷം കൂടി നീട്ടാനും സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

