കേന്ദ്ര മന്ത്രിസഭയിലും ബിജെപി സംഘടനാ തലത്തിലും വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. രണ്ടാഴ്ചയ്ക്കകം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പൂർത്തിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ബിജെപിയിലും വലിയ മാറ്റങ്ങൾ ഉടൻ ഉണ്ടാകും. ലഭ്യമായ വിവരങ്ങൾ പ്രകാരം ഏകദേശം പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകും.
നാല് മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഇതോടൊപ്പം, കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തിലും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാണ്.
ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി തുടരുമോ എന്നതും, സി സദാനന്ദൻ മന്ത്രിസഭയിലേക്ക് എത്തുമോ എന്നതും പ്രവർത്തകർക്കിടയിൽ വലിയ ആകാംഷ ഉണർത്തുന്നുണ്ട്. സുരേഷ് ഗോപി തുടരാനാണ് സാധ്യത.
ദേശീയ തലത്തിൽ സജീവമായി പ്രവർത്തിക്കുന്ന അനിൽ ആന്റണിയും പരിഗണനാ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിബിഎസ്ഇ മൂല്യനിർണ്ണയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുമോ എന്നത് ശ്രദ്ധേയമാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ മുൻനിർത്തി ഏഴ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങൾ പുനഃസംഘടനയിൽ നിർണ്ണായകമാകും. ഉത്തർപ്രദേശ്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, ബിജെപി അധ്യക്ഷ പദവി കൂടി വഹിക്കുന്നവരാണെങ്കിൽ അവർ മന്ത്രിസഭയിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ട്.
കൂടാതെ, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സ്ഥാനത്തും മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

