നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും പിണറായി വിജയന്റെ തലയിൽ കെട്ടിവെച്ച് അദ്ദേഹത്തെ വേട്ടയാടുന്നത് നീതിരഹിതമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി മുഖപത്രമായ ‘യോഗനാദ’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘സഖാക്കളോട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പാർട്ടിക്കുള്ളിലെ ഗുരുതരമായ വീഴ്ചകളെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് പിണറായി വിജയനെ ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ ഇപ്പോൾ അദ്ദേഹത്തിനെതിരെ ആക്ഷേപ ശരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി വിമർശിക്കുന്നു.
ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ള പാർട്ടി ഘടകങ്ങളിലും പൊതുവേദികളിലും ഇന്ന് കാണുന്നത് ഇതേ പ്രവണതയാണ്. അധികാരലഹരിയിൽ പാർട്ടിയും അണികളും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും അകന്നതാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
രണ്ടാം വട്ടം ഭരണം ലഭിച്ചതോടെ നേതാക്കൾ സുഖലോലുപരായി മാറി. സാമ്പത്തിക നേട്ടങ്ങൾക്കായി ഓടിയവർ പാർട്ടിയുടെ അടിത്തറ തകർത്തു.
അധികാരത്തിന്റെ ഉന്നത തട്ടുകൾ മുതൽ കീഴ്ത്തട്ടു വരെ ഉള്ളവർ ചെയ്ത പാപഫലമാണ് ഇപ്പോൾ പിണറായി വിജയൻ അനുഭവിക്കേണ്ടി വരുന്നത്. പാർട്ടി ഓഫീസുകൾ ദല്ലാളന്മാരും കച്ചവടക്കാരും കയ്യടക്കി.
വിദ്യാർത്ഥി നേതാക്കൾ മുതൽ ഏരിയ സെക്രട്ടറിമാർ വരെ അഹങ്കാരത്തിന്റെ പാതയിലാണ്. നേതാക്കളുടെയും അണികളുടെയും ഈ പ്രവർത്തി ദോഷങ്ങൾക്കും കുറ്റങ്ങൾക്കും ഒടുവിൽ ഉത്തരവാദിത്തം പേറേണ്ടി വന്നത് പിണറായി വിജയൻ മാത്രമാണ്.
ഈ സാഹചര്യത്തിൽ സി.പി.എം ഗൗരവമായ ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിലൂടെ ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

