കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര നടത്തുന്നതിനായി പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഘത്തെ പോലീസ് പിടികൂടി. കൊടുവന്താനം സ്വദേശി അജിത്ത് അനിൽ, പതിനേഴ് വയസുള്ള രണ്ട് വിദ്യാർത്ഥികൾ എന്നിവരാണ് പോലീസ് പിടിയിലായത്.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇവർ മോഷണം നടത്തിവരികയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: മെയ് 24-ന് രാത്രി 12 മണിയോടെയാണ് സംഘം ആനക്കല്ല് ചെന്മലയിലെ ആന്റണി ജോസഫ് കല്ലംമ്പള്ളിയുടെ വീട്ടിൽ മോഷണം നടത്തിയത്.
മുഖംമൂടിയും പറുദയും ധരിച്ചെത്തിയ സംഘം, വീടിന്റെ സിസിടിവി സംവിധാനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ശേഷം വാതിൽ കുത്തിത്തുറന്ന് അകത്ത് കടക്കുകയുമായിരുന്നു. ഇവിടെനിന്ന് 75,000 രൂപയും മൂന്ന് പവൻ സ്വർണവുമാണ് ഇവർ അപഹരിച്ചത്.
പിറ്റേദിവസം തന്നെ മോഷ്ടിച്ച സ്വർണം ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇവർ പണയം വെച്ചു. ലഭിച്ച തുക ഉപയോഗിച്ച് കാറിൽ മൂന്നാറിലേക്ക് വിനോദയാത്ര പോയി.
മൂന്നാർ, കുട്ടിക്കാനം, കുമളി, കമ്പം, തേനി എന്നിവിടങ്ങളിൽ കറങ്ങി മടങ്ങും വഴിയാണ് സംഘം പോലീസിന്റെ പിടിയിലായത്. കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
കേസ് അന്വേഷണത്തിനിടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. ഇതേ വാഹനത്തിൽ തന്നെയാണ് ഇവർ വിനോദയാത്ര പോയതും.
പ്രതികൾക്ക് മറ്റ് ചില മോഷണക്കേസുകളിലും പങ്കുള്ളതായി സൂചനയുണ്ട്. ഒരു കടയിൽ നിന്ന് മോഷ്ടിച്ച ഇലക്ട്രിക് മോട്ടോർ പ്രതികളിൽ ഒരാളിൽ നിന്ന് കണ്ടെടുത്തു.
ഇതിൽ പ്രധാന പ്രതിയായ അജിത്ത് അനിൽ പ്രായപൂർത്തിയാകുന്നതിന് മുൻപും മോഷണക്കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

