മലയാള സിനിമാ ലോകത്ത് അന്വേഷണാത്മക ത്രില്ലർ വിഭാഗത്തിൽ വ്യത്യസ്തമായ പരീക്ഷണവുമായി പുതിയ ചിത്രം എത്തുന്നു. ‘ടാരന്റിനോ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ, പരമ്പരാഗത ആഖ്യാന രീതികളിൽ നിന്നും മാറി ചിന്തിക്കുന്ന ഒന്നാണ്.
ഒരു കേസിന്റെ അന്വേഷണത്തിനൊടുവിൽ ലഭിക്കുന്ന ഓരോ തെളിവും പുതിയ സംശയങ്ങളിലേക്ക് വഴിമാറുന്ന രീതിയിലാണ് ചിത്രത്തിന്റെ സംവിധാനം. പ്രേക്ഷകർ മുൻകൂട്ടി കാണുന്ന നിഗമനങ്ങളെയും ധാരണകളെയും അട്ടിമറിക്കുന്ന പ്ലോട്ടാണ് ചിത്രത്തിന്റേത്.
സംഭവങ്ങളുടെ പിന്നാമ്പുറങ്ങളിലെ യഥാർത്ഥ സത്യങ്ങളിലേക്കുള്ള യാത്രയിൽ അപ്രതീക്ഷിതമായ വഴിതിരിവുകളും നിർണായക വെളിപ്പെടുത്തലുകളും കടന്നുവരുന്നുണ്ട്. ദി പ്ലോട്ട് പിക്ചേഴ്സും, ‘സംഭവം അധ്യായം ഒന്ന്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നല്ല സിനിമ പ്രൊഡക്ഷൻസും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.
എൽവിൻ സി ജോൺസൺ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ്. ജയകൃഷ്ണൻ ആണ്.
കേവലം ഒരു കുറ്റാന്വേഷണത്തിനപ്പുറം, അതിന്റെ വിവിധ തലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരിലേക്ക് എത്തുന്ന വിവരങ്ങൾക്ക് അപ്പുറത്ത് മറ്റൊരു സത്യം ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം ഉണർത്തുന്നതാണ് പ്രമേയം.
നിഗൂഢതയും ആകാംക്ഷയും ഒരേപോലെ നിലനിർത്തിക്കൊണ്ട് പ്രേക്ഷകരെ കഥയോടൊപ്പം ചേർത്തുപിടിക്കുന്ന രീതിയിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്.
രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, വിനീത് കുമാർ, പാർഥ് തിവാരി, നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി. ജോൺ, ഓർഹാൻ, ആദിശേഷൻ, ഫഹദ് സിദ്ദീഖ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
വിവിധ തലമുറകളിലെ പ്രമുഖർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. സാങ്കേതിക രംഗത്തും അഭിനയത്തിലും പുതിയ പ്രതിഭകൾക്ക് അവസരം നൽകിക്കൊണ്ടാണ് അണിയറപ്രവർത്തകർ ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും വളരെ ശക്തമാണ്. ഛായാഗ്രഹണം പ്രകാശ് റാണയും എഡിറ്റിംഗ് അർജുൻ പ്രകാശ് നിർവഹിക്കുന്നു.
മേക്കപ്പ് പട്ടണം റഷീദ്, സംഗീതം, ഒറിജിനൽ സ്കോർ ഗോഡ്വിൻ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, സൗണ്ട് ഡിസൈൻ ശ്രീനാഥ് രവീന്ദ്രൻ, ആർട്ട് ഡയറക്ടർ മഹേഷ് ശ്രീധർ, കോസ്റ്റ്യൂം ബ്യൂസി ബേബി ജോൺ, ആക്ഷൻ ശ്രവൺ സത്യ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ.ആർ, ഫിനാൻസ് കൺട്രോളർ വിജയൻ ഉണ്ണി, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ റിലീസ് തിയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

