കൊച്ചിയിലെ ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച കാറിടിച്ചു തട്ടുകടയുടമ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വഴിതിരിവ്.
അപകടസ്ഥലത്ത് അഡീഷനൽ ജഡ്ജിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തിൽ ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ ജഡ്ജിയുടെ നേതൃത്വത്തിലാണ് കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് എടുത്തു മാറ്റിയതെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജൻസി ഈ വിഷയത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനമോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷനൽ ജഡ്ജിയെ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇതിനകം രണ്ടുതവണ ചോദ്യം ചെയ്തു കഴിഞ്ഞു.
കൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടിയുമായും അന്വേഷണസംഘം രണ്ടുതവണ നേരിട്ട് സംസാരിച്ചു വിവരങ്ങൾ ശേഖരിച്ചു. നിലവിൽ കേസിന് ആധാരമായ നിർണായക തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിൽ പ്രതിയായ കുട്ടിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച കോടതി, കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റമറ്റ രീതിയിലുള്ള കേസ് ഡയറി കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
ഇതിനുപുറമെ, ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിലെ ഡിജിറ്റൽ ഡേറ്റകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. ഡിജിറ്റൽ പരിശോധനയിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാനും കുട്ടിയെ വീണ്ടും കണ്ട് വിവരങ്ങൾ തേടാനുമുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

