പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച വാഹനം ഇടിച്ചു മരിച്ച കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മൂവാറ്റുപുഴ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി കുടുംബത്തിനു നൽകേണ്ടതാണ്.
എന്നാൽ ഈ തുക പിന്നീട് വാഹന ഉടമയിൽനിന്നു കമ്പനിക്ക് ഈടക്കാമെന്നാണ് ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാറിന്റെ ഉത്തരവിലുള്ളത്.
മൂവാറ്റുപുഴ രണ്ടാർ മാടവനപ്പുത്തൻപുരയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതി (72) വാഹനാപകടത്തിൽ മരിച്ച സംഭവത്തിലാണ് ഈ സുപ്രധാന വിധി വന്നിട്ടുള്ളത്. 11,02,000 രൂപയും 8% പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണ് ആകെ തുക കണക്കാക്കിയിരിക്കുന്നത്.
2024 ജൂലൈ 12ന് മൂവാറ്റുപുഴ ചാലിക്കടവ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സുമതിയെ 17 വയസ്സുകാരൻ ഓടിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വെള്ളൂർക്കുന്നം സ്വദേശിയുടെ മകനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്.
എന്നാൽ കോതമംഗലം പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ അലിയാറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വാഹനം. വാഹനത്തിന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മാറ്റാത്തതു കാരണം നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്തം രേഖപ്രകാരമുള്ള ഉടമയ്ക്കായി വന്നുചേരുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് കുട്ടിയെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിട്ടുണ്ട്. മരിച്ച സുമതിയുടെ കുടുംബത്തിനായി കോടതിയിൽ അഡ്വ.
എൻ.പി.തങ്കച്ചൻ ഹാജരായി.

