സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ചാരിറ്റി കമ്മിഷന് പരാതി ലഭിച്ചു. ദൊറാബ്ജി ട്രസ്റ്റിയും ടാറ്റ സൺസ് ബോർഡിലെ പ്രതിനിധിയുമായ വേണു ശ്രീനിവാസൻ ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ നീക്കത്തോടെ വേണു ശ്രീനിവാസനും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. ടാറ്റ സൺസിനെ പബ്ലിക് ലിസ്റ്റിങ്ങിൽ നിന്ന് രക്ഷിക്കാൻ ആവിഷ്കരിക്കുന്ന തന്ത്രങ്ങൾ നോയലിന് തിരിച്ചടിയാകാനാണ് സാധ്യത.
ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വേണു ശ്രീനിവാസൻ ചാരിറ്റി കമ്മിഷനെ സമീപിച്ചിരിക്കുന്നത്. ജീവകാരുണ്യ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട
ട്രസ്റ്റും അതിന്റെ ട്രസ്റ്റികളും ടാറ്റ സൺസിന്റെ സാമ്പത്തിക കാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും അനാവശ്യമായി ഇടപെടുകയാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. നോയൽ ടാറ്റയുടെ എസ്ഡിടിടിയിലെ ആജീവനാന്ത ട്രസ്റ്റി സ്ഥാനവും, ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനെ തിരഞ്ഞെടുക്കുന്ന രീതിയും, നോയലിന്റെ മകൻ നെവിൽ ടാറ്റയെ എസ്ഡിടിടിയിൽ ട്രസ്റ്റി ആക്കിയതുമെല്ലാം വേണു ശ്രീനിവാസൻ തന്റെ പരാതിയിലൂടെ ചോദ്യം ചെയ്യുന്നുണ്ട്.
ടാറ്റ സൺസിന്റെ ലിസ്റ്റിങ് മറികടക്കാനുള്ള മാർഗങ്ങൾ തേടുന്നതും എസ്പി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാനുള്ള നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതും വഴി നോയൽ ടാറ്റ നേരിട്ട് ടാറ്റ സൺസിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ട്രസ്റ്റുകളുടെ പ്രഖ്യാപിത ലക്ഷ്യമായ ജീവകാരുണ്യ പ്രവർത്തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിതെന്ന് വേണു ചൂണ്ടിക്കാണിക്കുന്നു.
എസ്ഡിടിടിക്ക് ടാറ്റ സൺസിൽ 27.88% വോട്ടും എസ്ആർടിടിയ്ക്ക് 23.56% വോട്ടുമാണുള്ളത്. അങ്ങനെ അവർക്ക് ആകെ 51.54% വോട്ടാണ് ടാറ്റ സൺസിൽ ഉള്ളത്.
ടാറ്റ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊലൂഷൻസ്, ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സ് എന്നീ കമ്പനികളെ ടാറ്റ സൺസിൽ ലയിപ്പിച്ച് ലിസ്റ്റിങ് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന് കടമ്പകളേറെയാണ്. ലിസ്റ്റ് ചെയ്യണമെന്ന് ശക്തിയായി വാദിക്കുന്ന, ടാറ്റ സൺസിൽ 18.37% ഓഹരി പങ്കാളിത്തമുള്ള ഷാപൂർജി പല്ലോൻജി ഗ്രൂപ്പ് ലയനം നടന്നാൽ അതിനെതിരെ നാഷനൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചേക്കും.
ഈ പ്രതിസന്ധികളെല്ലാം മറികടന്നാലേ, നോയൽ ടാറ്റയ്ക്ക് വഞ്ചി ഒരു കരയ്ക്കെത്തിക്കാൻ കഴിയൂ. ഇതിനിടയിൽ, ടാറ്റ ഗ്രൂപ്പിന് കീഴിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികൾ ഇന്നും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് 3.72%, ടാറ്റ കെമിക്കൽസ് 0.99%, ഇന്ത്യൻ ഹോട്ടൽസ് 1.78%, ടാറ്റ കമ്യൂണിക്കേഷൻസ് 1.47%, ട്രെന്റ് 2.41%, ടാറ്റ എൽക്സി 1.28%, ടാറ്റ ടെക്നോളജീസ് 1.78%, ടാറ്റ ക്യാപിറ്റൽ 3.26%, ടാറ്റ മോട്ടോഴ്സ് 3.8%, തേജസ് നെറ്റ്വർക്ക്സ് 3.56%, നെൽകോ 2.41%, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ 2.1%, വോൾട്ടാസ് 2.23% , ടാറ്റ പവർ 2.65%, ടൈറ്റൻ 1.94%, ടാറ്റ സ്റ്റീൽ 3.9% എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ ഓഹരികൾ നഷ്ടം നേരിടുന്നത്. അതേസമയം, ടിസിഎസ് 0.32%, ടാറ്റ കൺസ്യൂമർ 0.47% എന്നിങ്ങനെ നേരിയ നേട്ടത്തിലുമാണ് വ്യാപാരം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

