തെക്കൻ കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ മലബാർ മേഖലയോട് അവഗണന കാട്ടുന്നുവെന്ന് യാത്രക്കാരുടെ പരാതി. ഉത്സവകാലങ്ങളിലും തിരക്കേറിയ അവസരങ്ങളിലും ഇതര സംസ്ഥാനങ്ങളിലേക്ക് റെയിൽവേ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും, മലബാറിലെ പ്രധാനപ്പെട്ട
പല സ്റ്റേഷനുകളെയും തഴയുന്നതായാണ് പ്രധാന ആക്ഷേപം. ഷൊർണൂർ – മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനുകൾ സാധാരണയായി തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രധാനമായും നിർത്താറുള്ളത്.
ചില സർവീസുകൾ വടകര, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കുന്നുണ്ട്. എന്നാൽ കുറ്റിപ്പുറം, കൊയിലാണ്ടി, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകൾ പലപ്പോഴും ഒഴിവാക്കപ്പെടുകയാണ്.
എന്നാൽ തെക്കൻ കേരളത്തിൽ താരതമ്യേന ചെറിയ സ്റ്റേഷനുകൾ ഉൾപ്പെടെ ഒട്ടേറെ ഇടങ്ങളിൽ ഇത്തരം ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നുണ്ടെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഉദാഹരണമായി തിരുവനന്തപുരം നോർത്ത് – മുംബൈ ലോകമാന്യ തിലക് ടെർമിനസ് ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകളുടെ സമയക്രമം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
മലബാറിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഈ സർവീസിന് സ്റ്റോപ്പുള്ളത്. അതേസമയം, കോട്ടയത്തിനും കൊല്ലത്തിനും ഇടയിലുള്ള ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജംക്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട
തുടങ്ങി ഏഴ് സ്റ്റേഷനുകളിൽ ഈ വണ്ടികൾ നിർത്തുന്നുണ്ട്. രാജസ്ഥാനിലേക്കുള്ള തിരുവനന്തപുരം സെൻട്രൽ – മദാർ ജംക്ഷൻ പൂജാ ഹോളിഡേ സ്പെഷൽ ട്രെയിനുകളുടെ കാര്യത്തിലും സമാനമായ അവഗണനയാണ് ഉള്ളത്.
ഈ മാസം അവസാനവാരം മുതൽ നവംബർ അവസാന വാരം വരെ സർവീസ് നടത്തുന്ന ഈ എക്സ്പ്രസിന് മലബാറിൽ തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. എന്നാൽ തെക്കൻ കേരളത്തിൽ കായംകുളം ജംക്ഷൻ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിങ്ങനെ നിരവധി ഇടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മലബാറിലെ പ്രധാന സ്റ്റേഷനുകളുടെ വരുമാനവും യാത്രക്കാരുടെ കണക്കും (2025–26 സാമ്പത്തിക വർഷം)
* കോഴിക്കോട്: 219 കോടി രൂപ, 3.24 കോടി യാത്രക്കാർ
* കണ്ണൂർ: 136 കോടി രൂപ, 1.86 കോടി യാത്രക്കാർ
* ഷൊർണൂർ: 56 കോടി രൂപ, 78 ലക്ഷം യാത്രക്കാർ
* കാസർകോട്: 48 കോടി രൂപ, 90 ലക്ഷം യാത്രക്കാർ
* തലശ്ശേരി: 45 കോടി രൂപ, 1.01 കോടി യാത്രക്കാർ
* തിരൂർ: 39 കോടി രൂപ, 85 ലക്ഷം യാത്രക്കാർ
* വടകര: 32 കോടി രൂപ, 92 ലക്ഷം യാത്രക്കാർ
* പയ്യന്നൂർ: 27 കോടി രൂപ, 59 ലക്ഷം യാത്രക്കാർ
* കാഞ്ഞങ്ങാട്: 20 കോടി രൂപ, 44 ലക്ഷം യാത്രക്കാർ
* കുറ്റിപ്പുറം: 16 കോടി രൂപ, 45 ലക്ഷം യാത്രക്കാർ
* കൊയിലാണ്ടി: 1 കോടി രൂപ, 40 ലക്ഷം യാത്രക്കാർ
കഴിഞ്ഞ സാമ്പത്തിക വർഷം ഷൊർണൂർ ഉൾപ്പെടെ മലബാറിലെ ആദ്യ പത്ത് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നു മാത്രം റെയിൽവേയ്ക്ക് 650 കോടിയിലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രധാന സ്റ്റേഷനുകളായ തലശ്ശേരി, വടകര സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിൽ യാത്രക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
വാർഷിക വരുമാനവും യാത്രക്കാരുടെ എണ്ണവും അടിസ്ഥാനമാക്കി റെയിൽവേ തയാറാക്കുന്ന സബർബൻ ഗ്രേഡ് പട്ടികയിൽ മൂന്നാം റാങ്കിലാണ് ഈ രണ്ടു സ്റ്റേഷനുകളും ഉള്ളത്. കൊല്ലം മുതൽ കോട്ടയം വരെ 55 കിലോമീറ്റർ ദൂരത്തിനുള്ളിൽ 5 സ്റ്റോപ്പുകൾ ഈ ട്രെയിനുകൾക്കുണ്ട്.
എന്നാൽ കോഴിക്കോട് – കണ്ണൂർ 90 കിലോമീറ്ററിനിടയിൽ ഒറ്റ സ്റ്റോപ്പ് പോലുമില്ലാത്ത അവസ്ഥയാണുള്ളത്. കോട്ടയത്തിനും കോഴിക്കോടിനും ഇടയിലുള്ള 252 കിലോമീറ്റർ ദൂരത്തിനിടയിൽ അഞ്ചിടത്തു മാത്രമാണ് സ്പെഷൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

