കോഴിക്കോട്ടേക്ക് നീട്ടണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്ന മഡ്ഗാവ് – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി ഉത്തരവായി. മംഗളൂരു മേഖല മൈസൂരു ഡിവിഷന്റെ ഭാഗമാക്കി മാറ്റുന്ന നടപടികൾക്ക് പിന്നാലെയാണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ട്രെയിൻ കർണാടകയിലേക്ക് തന്നെ നീട്ടിയത്.
നിലവിൽ മഡ്ഗാവിൽ നിന്നു മംഗളൂരു വരെ സർവീസ് നടത്തിയിരുന്ന വന്ദേഭാരത് ട്രെയിൻ (26655) ഇനി മുതൽ മംഗളൂരുവിൽ നിന്നു ബെംഗളൂരു വരെയാണ് സർവീസ് നടത്തുക. ഇതുമായി ബന്ധപ്പെട്ട് ശ്രീനിവാസ പൂജാരി എംപി നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ ഔദ്യോഗിക കത്തിൽ വ്യക്തമാക്കുന്നു.
എന്നാൽ ട്രെയിനിന്റെ പുതുക്കിയ സമയക്രമമോ സർവീസ് ആരംഭിക്കുന്ന തീയതിയോ സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. ഡിവിഷൻ വിഭജനം പൂർത്തിയായതോടെ ട്രെയിനുകളിലെ ജനപ്രതിനിധികളുടെ എമർജൻസി ക്വോട്ട
സീറ്റുകൾ അനുവദിക്കുന്ന ക്രമീകരണങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മംഗളൂരു സ്റ്റേഷനുകളിൽ നിന്ന് ബെംഗളൂരു ഭാഗത്തേക്കും കൊങ്കൺ റൂട്ടിലേക്കും സർവീസ് നടത്തുന്ന ട്രെയിനുകളിലെ എമർജൻസി ക്വോട്ടകൾ ഇനി മുതൽ മൈസൂരു ഡിവിഷന്റെ കീഴിലായിരിക്കും അനുവദിക്കുക.
അതേസമയം, മംഗളൂരു സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം, ചെന്നൈ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലെ എമർജൻസി ക്വോട്ട ടിക്കറ്റുകളുടെ വിതരണത്തിൽ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ മൂന്നിൽ രണ്ട് ഭാഗം ക്വോട്ടകൾ പാലക്കാട് ഡിവിഷനിൽ നിന്നും ബാക്കി വരുന്ന മൂന്നിൽ ഒന്ന് ഭാഗം മமைസൂരു ഡിവിഷനിൽ നിന്നുമായിരിക്കും ഇനി മുതൽ അനുവദിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

