നീണ്ട ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം തൃശൂർ നഗരത്തിൽ അപൂർവ്വമായ സംഗീതവിരുന്ന് അരങ്ങേറുന്നു.
കഥകളിപദങ്ങളും കർണാടക സംഗീതവും ഇഴചേരുന്ന സംഗീത സമന്വയവുമായി പ്രമുഖരായ കലാകാരന്മാർ നഗരത്തിലെത്തുന്നു. കോട്ടക്കൽ മധു, നെടുമ്പള്ളി രാം മോഹൻ, കോട്ടക്കൽ രഞ്ജിത്ത് വാരിയർ എന്നിവരാണ് ഈ ദൃശ്യ-ശ്രാവ്യ വിസ്മയത്തിന് പിന്നിൽ.
രസികപ്രിയ സംഗീതസഭയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 3 ന് 6.15 നാണ് സാഹിത്യ അക്കാദമി ഹാളിൽ കഥകളിപദ കർണാടക സംഗീത സമന്വയം അവതരിപ്പിക്കുന്നത്.
കഥകളി മേളപ്പദത്തിൽ സാധാരണയായി ചരണം പാടിവരുന്ന ഗീതാഗോവിന്ദം അടിസ്ഥാനമാക്കിയാണ് ഈ വ്യത്യസ്തമായ സംഗീത പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. തനതായ ശൈലിയിലൂടെ കഥകളി സംഗീത ലോകത്ത് സവിശേഷ സ്ഥാനം നേടിയ ഗായകനാണ് കോട്ടക്കൽ മധു.
കർണാടക സംഗീതത്തിലെ പ്രഗത്ഭരായ പ്രതിഭകളുമായി ചേർന്ന് നിരവധി ജുഗൽബന്ദികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. വാനപ്രസ്ഥം, സോപാനം, ഞാൻ കാംബോജി, പരിണയം തുടങ്ങി അരഡസനിലധികം ചലച്ചിത്രങ്ങളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റായ അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം പുരസ്കാരം ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആലാപനത്തിലെ മാധുര്യം കൊണ്ട് കഥകളി സംഗീതശാഖയിൽ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു പ്രതിഭയാണ് നെടുമ്പള്ളി രാംമോഹൻ.
ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായ ഇദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി ഒട്ടനവധി വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാൻ യുവപുരസ്കാരം, മദ്രാസ് സംഗീത അക്കാദമി പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കർണാടക സംഗീത രംഗത്തും കഥകളി സംഗീത രംഗത്തും ഒരുപോലെ തിളങ്ങുന്ന പ്രതിഭയാണ് കോട്ടക്കൽ രഞ്ജിത്ത് വാരിയർ. പ്രശസ്ത ഗായകൻ കോട്ടക്കൽ മധു തന്നെയാണ് അദ്ദേഹത്തിന്റെ ഗുരുനാഥൻ.
ആകാശവാണി സംഘടിപ്പിച്ച അഖിലേന്ത്യ കർണാടക സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനവും ആകാശവാണി ഗ്രേഡും സ്വന്തമാക്കിയ ഇദ്ദേഹത്തിന്, മുംബൈ ഐ.ടി.സി. സംഗീത റിസർച്ച് അക്കാഡമിയുടെ “പ്രോമിസിംഗ് ആർട്ടിസ്റ്റ് അവാർഡ്” ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ചടങ്ങിൽ പ്രമുഖ വാദ്യകലാകാരന്മാരായ വയലാ രാജേന്ദ്രൻ (വയലിൻ), സനോജ് പൂങ്ങാട് (മൃദംഗം), കലാമണ്ഡലം വേണു മോഹൻ (ചെണ്ട), ബിജു ആറ്റുപുറം (മദ്ദളം) എന്നിവർ സംഗീതത്തിന് പക്കമേളമൊരുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

