പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ ഓട്ടോറിക്ഷ വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ട് യുവാവ് വൈദ്യുതി ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അഞ്ചുമൂർത്തിമംഗലം വാവുള്ളിയൻകാട് പ്രദേശത്തെ വൈദ്യുതി ടവറിലാണ് സംഭവം നടന്നത്.
അഞ്ചുമൂർത്തിമംഗലം വേണാട്ടുകളംപറമ്പ് മനോജ് (33) ആണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ടവറിന് മുകളിൽ കയറിയത്. ഓട്ടോറിക്ഷ വാങ്ങുന്നതിനായി അമ്മ ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് മനോജ് ടവറിൽ കയറിയതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. യുവാവ് ഭീഷണി മുഴക്കുന്നത് കണ്ട
ഉടൻ തന്നെ നാട്ടുകാർ വിവരം വടക്കഞ്ചേരി പൊലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടർന്ന് രണ്ടു മണിക്കൂറോളം നീണ്ട
അനുനയ ചർച്ചകൾ നടന്നു. ഒടുവിൽ അമ്മ ഒരുലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതോടെയാണ് യുവാവ് താഴെയിറങ്ങാൻ തയ്യാറായത്.
വൈകുന്നേരത്തോടെയാണ് സാഹസികമായ ശ്രമത്തിനൊടുവിൽ മനോജ് ടവറിൽനിന്ന് താഴെ ഇറങ്ങിയത്. തുടർന്ന് വടക്കഞ്ചേരി സബ് ഇൻസ്പെക്ടർ വിവേക് നാരായണൻന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചു.
വിവാഹിതനായ മനോജിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

