ചെങ്കോട്ട–പുനലൂർ റെയിൽവേ റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കുന്നതിനുള്ള മുന്നോടിയായുള്ള ട്രയൽ റൺ വൈകുന്നതിൽ യാത്രാക്ലേശം നേരിടുന്ന ജനങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്നു. ഔദ്യോഗിക തലത്തിൽ പ്രപ്പോസൽ റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് വർഷങ്ങളായി അധികൃതർ നൽകിയിരുന്ന വിശദീകരണം.
കഴിഞ്ഞ മാസം 24 ന് പുനലൂരിൽ നടന്ന ഉന്നതതല അവലോകന യോഗത്തിലും ഈ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്നത്തെ യോഗത്തിൽ എൻ.കെ.
പ്രേമചന്ദ്രൻ എംപി, മധുര ഡിവിഷനൽ റെയിൽവേ മാനേജർ ഓംപ്രകാശ് മീന, ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ രാജേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ട്രയൽ റൺ അതിവേഗം നടത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. നിലവിൽ ഭഗവതിപുരം–പുനലൂർ ഗാട്ട് സെക്ഷൻ ഉൾപ്പെടുന്ന ഈ പാതയിലൂടെ 22 എൽഎഫ്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) ബോഗികളുള്ള തിരുവനന്തപുരം–താംബരം എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്.
നാലര വർഷം മുൻപാണ് കൊല്ലത്തു നിന്ന് പുനലൂരിലേക്ക് മെമു സർവീസ് ആദ്യമായി ആരംഭിച്ചത്. പഴയ മീറ്റർ ഗേജ് കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന കൊല്ലം–തിരുനെൽവേലി, കൊല്ലം–ചെങ്കോട്ട
പാസഞ്ചർ സർവീസുകൾ ആധുനിക സൗകര്യങ്ങളുള്ള മെമു സർവീസുകളാക്കി മാറ്റണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. പുതിയ സർവീസ് യാഥാർത്ഥ്യമായാൽ കൊല്ലം, കൊട്ടാരക്കര, കുണ്ടറ, പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട തുടങ്ങിയ സ്റ്റേഷനുകളെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കയറ്റിറക്കങ്ങളും കട്ടിങ് വളവുകളും നിറഞ്ഞ ഭഗവതിപുരം–പുനലൂർ ഗാട്ട് സെക്ഷനിൽ മെമു റേക്ക് ഉപയോഗിച്ചുള്ള ട്രയൽ പരിശോധന അനിവാര്യമാണ്. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾക്ക് വ്യക്തമായ സമയക്രമം രൂപീകരിക്കാത്തതാണ് നിലവിലെ കാലതാമസത്തിന് കാരണമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
പ്രദേശത്തിന്റെ യാത്രാസൗകര്യങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്തും വിധം ചെങ്കോട്ട–പുനലൂർ റൂട്ടിൽ മെമു സർവീസുകൾ എത്രയും വേഗം നടപ്പിലാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

