കോഴിക്കോടിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നിർണായക ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചു. കിനാലൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കണമെന്നും, നഗരത്തിന്റെ ഗതാഗത വികസനത്തിന് അനിവാര്യമായ മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി പ്രസിഡന്റ് എ. പി.
അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം കൈമാറിയത്. കോഴിക്കോടിന്റെ ആരോഗ്യ, ഗതാഗത, വാണിജ്യ, വ്യവസായ മേഖലകളുടെ ഭാവി വികസനത്തിന് ഈ രണ്ട് വിഷയങ്ങളിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘം അഭ്യർത്ഥിച്ചു.
കിനാലൂരിൽ എയിംസ് യാഥാർത്ഥ്യമാക്കുന്നത് മലബാർ മേഖലയിലെ ആരോഗ്യപരിപാലന രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള വിദഗ്ധ ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായകരമാകും.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കും എയിംസ് വലിയ ഉത്തേജനം നൽകും. ഇതോടൊപ്പം കോഴിക്കോടിന്റെ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ പരിഗണിച്ച് ആധുനികവും സംയോജിതവുമായ മൊബിലിറ്റി ഹബ് നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യവും ചേംബർ ചൂണ്ടിക്കാണിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വിവിധ യാത്രാ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇത് അനിവാര്യമാണ്. യാത്രക്കാർക്കും വ്യാപാരികൾക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ മൊബിലിറ്റി ഹബ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ചേംബർ ആവശ്യപ്പെട്ടു.
കോഴിക്കോടിന്റെ ദീർഘകാല വികസനത്തിന് മുതൽക്കൂട്ടാകുന്ന ഈ രണ്ട് പദ്ധതികൾക്കായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ. പി.
അബ്ദുല്ലക്കുട്ടി അഭ്യർത്ഥിച്ചു. കോഴിക്കോടിന്റെ വികസനവുമായി ബന്ധപ്പെട്ട
പ്രധാന പദ്ധതികൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ പിന്തുണയും ഏകോപനവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

