കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്. ആവേശം അവസാന ഓവറുകൾ വരെ നീണ്ട
മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തൃശൂർ നിർണായക മുന്നേറ്റം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സെയിലേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ, നാല് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ സെയിലേഴ്സിന്റെ തുടക്കം മികച്ചതായിരുന്നില്ല.
മികച്ച ഫോമിലായിരുന്ന ഓപ്പണർ അഭിഷേക് ജെ. നായരെ (1) പുറത്താക്കി ശരത്ചന്ദ്രപ്രസാദ് തൃശൂരിന് തുടർച്ചയായ മൂന്നാം മത്സരത്തിലും മികച്ച തുടക്കം സമ്മാനിച്ചു.
തന്റെ അടുത്ത ഓവറിൽ സെയിലേഴ്സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദിനെയും (6) ശരത് മടക്കി അയച്ചു. എന്നാൽ മറുവശത്ത് നിലയുറപ്പിച്ചു കളിച്ച ആനന്ദ് കൃഷ്ണന്റെ പ്രകടനം ടീമിന് വലിയ തുണയായി.
അജിനാസിനും അജു പൗലോസിനുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ ആനന്ദിന് സാധിച്ചു. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഷോട്ടുകൾ പായിച്ച താരം, എം.എസ്.
അഖിലിനെ സിക്സറിന് പറത്തിയാണ് അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. അജുവുമൊത്ത് കൂട്ടിച്ചേർത്ത 49 റൺസിൽ ഭൂരിഭാഗവും ആനന്ദിന്റെ ബാറ്റിൽ നിന്നുള്ളതായിരുന്നു.
ആനന്ദിന്റെ കരുത്തിൽ 12-ാം ഓവറിൽ തന്നെ സെയിലേഴ്സ് 100 കടന്നു. എന്നാൽ 65 റൺസെടുത്ത ആനന്ദ് പുറത്തായതോടെ ടീം വീണ്ടും തകർച്ചയെ നേരിട്ടു.
14 റൺസെടുത്ത അജു പൗലോസും ഒരു റൺ നേടിയ ഷറഫുദ്ദീനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. വിക്കറ്റുകൾ തുടർച്ചയായി വീണെങ്കിലും ഒരുവശത്ത് പിടിച്ചുനിന്ന അർജുൻ വേണുഗോപാലിന്റെ ഇന്നിങ്സാണ് സ്കോർ 150 കടത്തിയത്.
അർജുൻ 31 റൺസ് നേടി. തൃശൂരിനായി ശരത്ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനെത്തിയ തൃശൂരിന് സ്കോർ 32-ൽ നിൽക്കെ കെ.ആർ. രോഹിതിന്റെ (27) വിക്കറ്റ് നഷ്ടമായി.
പത്ത് റൺസ് കൂടി ചേരുന്നതിനിടെ അഹമ്മദ് ഇമ്രാനും (6) മടങ്ങി. ഇതോടെ പ്രതിരോധത്തിലായ ടൈറ്റൻസിന്റെ ഇന്നിങ്സ് സാവധാനത്തിലാണ് മുന്നോട്ടുനീങ്ങിയത്.
20 റൺസെടുത്ത ഷോൺ റോജറും 16 റൺസെടുത്ത സഞ്ജീവ് സതീശനും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. 15 റൺസെടുത്ത എം.എസ്.
അഖിൽ കൂടി മടങ്ങിയതോടെ തൃശൂർ അഞ്ച് വിക്കറ്റിന് 96 റൺസ് എന്ന നിലയിലായി. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ 35 പന്തുകളിൽ നിന്ന് 65 റൺസായിരുന്നു ടീമിന് ജയിക്കാൻ ആവശ്യമുണ്ടായിരുന്നത്.
സെയിലേഴ്സ് വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച ഘട്ടത്തിൽ, മനഃസാന്നിധ്യം കൈവിടാതെ ബാറ്റ് വീശിയ നിഖിൽ തോട്ടത്തിലും എസ്. ഷാരോണും ചേർന്ന് കളിയുടെ ഗതി മാറ്റിയെടുത്തു.
ഷറഫുദ്ദീൻ എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സറുകൾ ഉൾപ്പെടെ ഇരുവരും ചേർന്ന് 21 റൺസാണ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറിൽ കെ.ജി.
അഖിലിനെതിരെ നിഖിൽ തോട്ടത്ത് തുടർച്ചയായി ഫോറും സിക്സും നേടി. ഓവറിലെ അവസാന പന്തിൽ ഷാരോൺ പുറത്തായെങ്കിലും പിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് ഇനാൻ നിഖിലിന് മികച്ച പിന്തുണ നൽകി.
അവസാന ഓവറിലെ രണ്ടാം പന്ത് സിക്സർ പറത്തി ഇനാൻ തൃശൂരിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. നിഖിൽ 22 പന്തുകളിൽ നിന്ന് 41 റൺസും ഇനാൻ അഞ്ച് പന്തുകളിൽ നിന്ന് 17 റൺസും നേടി പുറത്താകാതെ നിന്നു.
സെയിലേഴ്സിനായി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

