കെയ്റോ: ഈജിപ്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിൽ നിന്നുള്ള ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ശ്വാസംമുട്ടി ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി അന്ത്യശ്വാസം വലിച്ചു. 66-കാരനായ ഗൃഹനാഥൻ, അദ്ദേഹത്തിന്റെ ഭാര്യ, 25-കാരിയായ മകൾ എന്നിവരാണ് ഈ ദാരുണ സംഭവത്തിൽ മരണമടഞ്ഞത്.
ഈജിപ്തിലെ ഓൾഡ് കയ്റോ കോർണിഷിലെ റിങ് റോഡിന് സമീപത്താണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓൾഡ് കെയ്റോയിലെ റോഡരികിൽ ലോക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്.
യാത്രയ്ക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിലേക്ക് മാറ്റി പാർക്ക് ചെയ്യുകയായിരുന്നു. മകളെ സഹായിക്കാനായി മാതാപിതാക്കൾ ശ്രമിച്ചെങ്കിലും, എ.സി പ്രവർത്തിച്ചുകൊണ്ടിരുന്ന അടച്ചിട്ട
കാറിനുള്ളിൽ നിമിഷങ്ങൾക്കകം ഇവർക്കും സമാനമായ രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. എ.സിയിൽ നിന്ന് ചോർന്ന ഫ്രിയോൺ ഗ്യാസ് വൻതോതിൽ ശ്വസിച്ചതിനെ തുടർന്ന് ഇവർ കാറിനുള്ളിൽ വെച്ച് തന്നെ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങൾ പരിശോധിച്ചതിൽ മറ്റ് പരിക്കുകളോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് എമർജൻസി റെസ്പോണ്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഈജിപ്ത് പൊലീസ് കൂടുതൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

