കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 950 പിന്നിട്ടു. ദുരന്തബാധിതമായ ജലവൈദ്യുത പ്ലാന്റുകളിൽ പെട്ട് കാണാതായ 650-ൽ അധികം ആളുകളെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമല്ലെന്ന് ഔദ്യോഗിക അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുന്ന ഉൾപ്രദേശങ്ങളിലേക്ക് ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഭരണകൂടം. അതേസമയം, അപകടത്തിൽ കാണാതായ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് പുതിയ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന ഭാഗം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താൻ സാധിച്ചില്ല. 111 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുറഞ്ഞത് 93 തൊഴിലാളികളെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ സംശയിക്കുന്നത്.
എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. പ്രളയമുണ്ടായ സമയത്ത് നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നത്.
കാണാതായവർ തുരങ്കത്തിനുള്ളിൽ തന്നെ പെട്ടുപോയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി രക്ഷപെട്ടതാണോ, അതോ ശക്തമായ പ്രളയജലത്തിൽ ഒഴുക്കിൽപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രക്ഷാപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

