സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഗുരുവായൂര്‍ മേഖലയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നൂറോളം വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലുമാണ് വെള്ളം കയറിയത്.
മഴക്കെടുതിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്നവരുടെ സഹായത്തിനായി നഗരസഭയില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് മേഖലയില്‍ മഴ കനത്തത്.
തൈക്കാട് തിരിവില്‍ മാത്രം അമ്പതോളം കടകളില്‍ വെള്ളം കയറി. ഇവിടെയുണ്ടായിരുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഒലിച്ചുപോയി.
കൂടാതെ മമ്മിയൂര്‍ കൈരളി ജംഗ്ഷന്, പഞ്ചാര മുക്ക്, താമരയൂര്‍ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. കാരക്കാട് വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീടിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ ഫോഴ്സ് എത്തിയാണ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
ദുരിതബാധിതമായ കൈരളി ജംഗ്ഷനിലെ ഫയര്‍ ഫോഴ്സ് ഓഫീസിലും വെള്ളം കയറി. തൈക്കാട് തിരിവില്‍ രൂപപ്പെട്ട
ശക്തമായ വെള്ളക്കെട്ട് കാരണം തൃശൂര്‍ – ഗുരുവായൂര്‍ പാതയില്‍ ഗതാഗതം ಸಂಪೂರ್ಣമായി തടസ്സപ്പെട്ടു. മമ്മിയൂര്‍ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂര്‍ കാട്ടുപാടം റോഡ്, മാവിന്‍ചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചു.
വെള്ളക്കെട്ടില്‍ അകപ്പെട്ട് നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും എഞ്ചിന് പ്രവര്‍ത്തനരഹിതമായി വഴിയില്‍ കിടന്നു. പലയിടങ്ങളിലും മതിലുകള്‍ നിലംപൊത്തുകയും മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.
ഗുരുവായൂര്‍ നെന്മിനിയില് നിയന്ത്രണം വിട്ട രണ്ട് കാറുകള്‍ ഒഴുക്കില്‍പ്പെട്ടു.
ഇതില്‍ ഒരു കാര്‍ ഫയര്‍ ഫോഴ്സ് എത്തിയാണ് കരയ്ക്ക് കയറ്റിയത്. ചൊവ്വല്ലൂര്‍ പടിയില്‍ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ കുറുക്കുവഴി തേടിയ രണ്ട് കാറുകളാണ് വെള്ളത്തില്‍ ഒഴുകാന്‍ തുടങ്ങിയത്.
തൈക്കാട് സ്വദേശിയും കുടുംബവുമാണ് ഒരു കാറിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ട് ഒഴുകിയതോടെ കുട്ടികളടക്കമുള്ളവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഈ കാര്‍ പിന്നീട് ഫയര്‍ഫോഴ്സെത്തി കെട്ടിവലിച്ച് കരക്കെത്തിച്ചു. അതേസമയം, തൊഴിയൂരില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.
തൊഴിയൂര്‍ ആയിരംകണ്ണി ഉന്നതിയില്‍ ചട്ടിക്കല്‍ ഷിബുവിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അയല്‍വാസി തൂമാട്ട് അമ്മിണിയുടെ വീട്ടുപറമ്പിലെ തെങ്ങ് കാറ്റില്‍ ഒടിഞ്ഞ് ഷിബുവിന്റെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തില്‍ അമ്മിണിയുടെ സ്ലാബ് മതിലും തകര്‍ന്നു. തെങ്ങ് വീണ് തകര്‍ന്ന ഓടുകളും തേങ്ങകളും വീടിനുള്ളിലേക്ക് പതിച്ചെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് പുറത്തേക്ക് ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നതിന് പുറമെ, തെങ്ങ് വൈദ്യുതി ലൈനിലേക്ക് പതിച്ചതിനെ തുടര്‍ന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇത് പ്രദേശത്തെ വൈദ്യുതി വിതരണത്തെ ബാധിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തെ ഇത്തവണത്തെ മഴക്കെടുതി കാര്യമായി ബാധിച്ചില്ല എന്നത് ആശ്വാസകരമായി. ശനിയാഴ്ച രാവിലെ തെക്കേ നടപ്പുരയില്‍ വെള്ളം കയറിയെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിരുന്നു.
പട്ടര്ക്കുളത്തിന് സമീപത്തുനിന്നും വെള്ളം ശക്തമായി ഒഴുകിയെത്തിയത് വ്യാപാരികളില്‍ ആശങ്ക പരത്തിയെങ്കിലും, തെക്കേ നടപ്പുരയിലെ ചില കടകളില്‍ മാത്രം വെള്ളം കയറി വലിയ നാശനഷ്ടങ്ങളില്ലാതെ ഒഴിവായി. ഇന്നര്‍ റിംഗ് റോഡിലെ വ്യാപാരഭവനത്തിന് സമീപം ഉച്ചവരെ വെള്ളക്കെട്ട് ഉണ്ടായത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ചെറിയ ബുദ്ധിമുട്ടുണ്ടാക്കി.
മുന്‍ വര്‍ഷങ്ങളില്‍ മഴ പെയ്താല്‍ ക്ഷേത്രത്തിനകത്തേക്ക് വരെ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നെങ്കിലും ഇത്തവണ അത് ഒഴിവാക്കാനായി. അമൃത് പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് പൂര്‍ത്തിയാക്കിയ ആധുനിക കാന നിര്‍മാണവും മഴവെള്ളം വേഗത്തില്‍ ഒഴുകിപ്പോകാനുള്ള സംവിധാനവുമാണ് വെള്ളക്കെട്ട് ഗണ്യമായി കുറയാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
മഴക്കെടുതികള്‍ക്കിടയിലും പ്രദേശത്ത് കൗതുകമുണര്‍ത്തുന്ന കാഴ്ചയും അരങ്ങേറി. പട്ടര്ക്കുളത്തില്നിന്ന് വെള്ളത്തിനൊപ്പം കട്ല, തിലോപ്പിയ ഇനങ്ങളില്‍പ്പെട്ട
മത്സ്യങ്ങള്‍ കരയിലേക്ക് ഒഴുകിയെത്തി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്തരും വ്യാപാരികളും മത്സ്യങ്ങളെ പിടിക്കാൻ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്.
പ്രതികൂല കാലാവസ്ഥയിലും കനത്ത മഴയ്ക്കിടയിലും നിരവധി ആളുകളാണ് ഈ അപൂര്‍വ കാഴ്ച കാണാനും ദര്‍ശനം നടത്താനുമായി ക്ഷേത്രപരിസരത്ത് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

