കേരളത്തിൽ ജി.എസ്.ടി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകൾ സ്വർണ വ്യാപാര മേഖലയെ സമൂഹത്തിന്റെ മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള പ്രഹസനമായിരുന്നെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റു വരവുള്ള സ്വർണ വ്യാപാര മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കുന്നതിന് ആണ് പരിശോധന എന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.
സുരേന്ദ്രൻ ജനറൽ സെക്രട്ടറി അഡ്വ. എസ്.
അബ്ദുൽ നാസർ എന്നിവർ ആരോപിച്ചു. പ്രധാനമായും പഴയ സ്വർണം ശുദ്ധീകരിച്ച് 24 കാരറ്റ് സ്വർണമാക്കി മാറ്റുന്ന പണിശാലകളിലായിരുന്നു ഈ പരിശോധനകൾ നടന്നത്.
എന്നാൽ ഇത്തരം സ്ഥാപനങ്ങളെ പരമ്പരാഗത സ്വർണ്ണ വ്യാപാര മേഖലയായി ചിത്രീകരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, നികുതിവെട്ടിപ്പിന്റെ മുദ്ര കുത്തി വ്യാപാര സമൂഹത്തിന്റെ സൽപ്പേരിനെ തകർക്കാനുമാണ് ജി.എസ്.ടി വകുപ്പ് ശ്രമിച്ചതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വ്യാപകമായ പ്രചാരണത്തോടെ നടത്തിയ പരിശോധനകളിൽ നികുതിവെട്ടിപ്പ് സംബന്ധിച്ച് ഒരു ഗൗരവമായ കണ്ടെത്തലും പുറത്തുവന്നിട്ടില്ല.
ഇതോടെ, പരിശോധനകളുടെ ലക്ഷ്യം നിയമലംഘനം കണ്ടെത്തലായിരുന്നില്ലെന്നും, മാധ്യമശ്രദ്ധ നേടുകയും സ്വർണ്ണ വ്യാപാര മേഖലയെ അപകീർത്തിപ്പെടുത്തുകയുമായിരുന്നു യഥാർത്ഥ ഉദ്ദേശ്യമെന്ന സംശയം ശക്തിപ്പെടുന്നതായും അവർ വ്യക്തമാക്കി. പരിശോധനയിൽ വിവിധ കോളേജുകളിൽ നിന്നുള്ള രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുവെന്നും, അവരെ പുലർച്ചെ നാല് മണിവരെ ഉറങ്ങാൻ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചുവെന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു.
ഇക്കാര്യം സർക്കാർ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖലയിൽ നികുതിവെട്ടിപ്പ് വ്യാപകമാണെന്ന് ആവർത്തിച്ച് പ്രചരിപ്പിക്കുന്ന ജി.എസ്.ടി വകുപ്പ്, ആദ്യം ഈ മേഖലയുടെ വാർഷിക വിറ്റുവരവും സർക്കാരിന് ലഭിക്കുന്ന ജി.എസ്.ടി ഉൾപ്പെടെയുള്ള നികുതി വരുമാനവും പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് കെ.
സുരേന്ദ്രൻ, അഡ്വ. എസ്.
അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകളോ വ്യക്തമായ തെളിവുകളോ പുറത്തുവിടാതെ സ്വർണ വ്യാപാര മേഖലയെ തുടർച്ചയായി നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വ്യാപാരികളുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളും പരിശോധനാ നാടകങ്ങളും അവസാനിപ്പിച്ച്, വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ സർക്കാർ നടപടികൾ സ്വീകരിക്കാവൂ എന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

