പത്തനംതിട്ട ജില്ലയിലെ റാന്നി മേഖലയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി കുടുംബങ്ങൾ ദുരിതത്തിൽ.
അപ്രതീക്ഷിതമായുണ്ടായ ജലനിരപ്പ് ഉയർച്ചയിൽ പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ‘ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നു.
രാവിലെ അഞ്ചു മണിയോടെ വീട്ടിൽ വെള്ളം കയറുന്നതു പോലെ തോന്നി. ഉടൻ ചാടിയെഴുന്നേറ്റെങ്കിലും കാര്യമുണ്ടായില്ല.
അപ്പോഴേക്കും വീട്ടിൽ വെള്ളം കയറി. റോഡും മുങ്ങി’ എന്ന് പുന്നംപറമ്പിൽ ബിജി വ്യക്തമാക്കി.
പിന്നീട് ഡിങ്കി ബോട്ടിലാണ് ബിജിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇന്ന് രാവിലെ ഇട്ടിയപ്പാറയിലും സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിൽ വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
കണക്കുകൾ പ്രകാരം പ്രദേശത്ത് 350 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വനമേഖലയിൽ മാത്രം 300 മില്ലിമീറ്റർ മഴ പെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പമ്പയാർ കരകവിഞ്ഞൊഴുകുന്നതോടൊപ്പം റാന്നി ടൗണിലെ കടകളുടെ മുകളിലും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ ഒരു ഡിങ്കി ബോട്ടും ഒരു വള്ളവുമാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്.
കൊല്ലത്തുനിന്ന് കൂടുതൽ ഡിങ്കികളും വള്ളങ്ങളും എത്തിക്കാനുള്ള തീവ്ര ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. കൂടാതെ ശബരിമലയിലെ നിറപുത്തരിക്കുയെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവുമാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കുട്ടവഞ്ചികൾ എത്തിക്കാനും അധികൃതർ നടപടി സ്വീകരിക്കുന്നുണ്ട്. റാന്നിയിലെ വെള്ളക്കെട്ട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്.
കോഴഞ്ചേരി, ചെറുകോൽപുഴ, ആറന്മുള എന്നീ മേഖലകളിലും വെള്ളം കയറി. ഇതിന്റെ പശ്ചാത്തലത്തിൽ പള്ളിയോടങ്ങളുടെ യാത്രകൾ റദ്ദാക്കുകയും ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമായി ചുരുക്കുകയും ചെയ്തു.
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. വനമേഖലയിലേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

