തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതി ആഴ്ചകൾക്ക് ശേഷം പിടിയിലായി. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രാജമണിയുടെ മകനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി, നെടുമങ്ങാട് ഡെപ്യൂട്ടി സൂപ്രണ്ട് ടി ബിനുകുമാർ എന്നിവരുടെ കർശന നിർദേശപ്രകാരം, അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ സന്തോഷ്കുമാർ എസ്, അരുവിക്കര സ്റ്റേഷൻ എസ്എച്ച്ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മദ്യലഹരിയിൽ ഭാര്യവീട്ടിലെത്തിയ പ്രതി, മുൻകൂട്ടി കരുതിയിരുന്ന പെട്രോൾ യുവതിയുടെയും മകളുടെയും ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ ഭയന്നുപോയ ഇവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ പിന്തുടർന്നെത്തിയ രഞ്ജിത്ത് കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഏകദേശം എട്ടു വർഷത്തോളമായി രഞ്ജിത്തും ഭാര്യയും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.
ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ പ്രതിയുടെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി ബന്ധം ഉപേക്ഷിച്ച് മാറിത്താമസിക്കാൻ തീരുമാനിച്ചിരുന്നു.
ഈ മുൻവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

