തൃണമൂല്‍ കോണ്‍ഗ്രസിലും ശിവസേനയിലുമുണ്ടായ പ്രതിസന്ധിയും പിളരലും അതിന് പിന്നിലുള്ള അന്തര്‍ നാടകങ്ങളും പല ഊഹങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വഴിവച്ചിരുന്നു. രാജ്യത്തെ ഭരണകക്ഷിയായ എന്‍ഡിഎ തങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നുവെന്നാണ് നടക്കുന്ന ചര്‍ച്ചകളിലെ ആകെത്തുക.
പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പായാലുടന്‍ ചില സുപ്രധാന ബില്ലുകളും ഭേദഗതികളും കൊണ്ടുവരാന്‍ ബിജെപി തയ്യാറെടുക്കുന്നുവെന്നാണ് വിലയിരുത്തല്‍. പുതിയ പിളര്‍പ്പുകള്‍ക്ക് ശേഷം ബിജെപി ഈ ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടുണ്ടോ? കണക്കുകള്‍ പരിശോധിക്കാം.
(How close is BJP to two-thirds majority in Parliament?) സഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയില്‍ കുറയാത്ത ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടന ഭേദഗതി ചെയ്യാനാകൂ എന്നാണ് അനുശ്ചേദം 368 പറയുന്നത്. ഭേദഗതി അവതരിപ്പിക്കപ്പെടുമ്പോള്‍ ലോക്സഭയില്‍ 273 എംപിമാരുടെ പിന്തുണയും വോട്ടിങ് സമയത്ത് പ്രെസന്റായവരില് മൂന്നില്‍ രണ്ട് പ്രതിനിധികളുടെ വോട്ടും ഉറപ്പിക്കണം.
360 എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് എന്‍ഡിഎ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വോട്ടിങ് സമയത്ത് എംപിമാരുടെ അറ്റന്‍ഡന്‍സ് വളരെ കുറവാണെങ്കില്‍ പോലും മിനിമം 273 വോട്ടുകള്‍ ഭേദഗതി പാസാക്കാന്‍ വേണ്ടിവരും.
കഴിഞ്ഞ ഏപ്രിലില്‍ ഭരണഘടനാ ഭേദഗതിക്കായി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ എന്‍ഡിഎക്ക് മാത്രം ലഭിച്ചത് 293 വോട്ടുകളാണ്. 230 പേര് എതിരായി വോട്ട് ചെയ്യുകയും 11 എംപിമാര്‍ അന്ന് വരാതിരിക്കുകയും ചെയ്തിരുന്നു.
ബിജെപി അംഗങ്ങളില്‍ നിന്ന് 240 വോട്ടുകളും ടിഡിപിയില്‍ നിന്ന് 16 വോട്ടുകളും ജെഡിയുവിന്റേതായി 12 വോട്ടുകളും ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് 7 വോട്ടുകളും എല്‍ജെപിയില്‍ നിന്ന് 5 വോട്ടുകളും ജെഡിഎസ്, ജെഎസ്പി, ആര്‍എല്‍ഡി എന്നിവയുടെ എല്ലാം ചേര്‍ത്ത് ആറ് വോട്ടുകളും മറ്റുള്ളവരില്‍ നിന്ന് 7 വോട്ടുകളുമാണ് അനുകൂലമായി എന്‍ഡിഎക്ക് ലഭിച്ചത്. ഇനി പിളര്‍പ്പുകള്‍ കഴിഞ്ഞുള്ള പുതിയ സാഹചര്യം പരിശോധിക്കാം.
തൃണമൂല്‍ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധിക്ക് ശേഷം 20 വിമത എംപിമാരാണുള്ളത്. നിലവില്‍ ഇവര്‍ നാഷണലിസ്റ്റ് സിറ്റിസെണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായാണ് നില്‍ക്കുന്നത്.
ശിവസേന വിമതരായ ഒന്‍പത് പേരെ ചേര്‍ത്താലും അവര്‍ക്ക് 318, 319 എംപിമാരുടെ പിന്തുണയാണ് ഉറപ്പിക്കാനാകുക. ലോക്സഭയില്‍ 360 എംപിമാരുടെ പിന്തുണയെന്ന സുരക്ഷിത സ്ഥാനത്തിനായി എന്‍ഡിഎക്ക് ഇനിയും 41 മുതല്‍ 42 എംപിമാരുടെ പിന്തുണ ആവശ്യമാണ്.
22 എംപിമാരുള്ള ഡിഎംകെയില്‍ ചിലരുടെ പിന്തുണ ഉറപ്പിക്കാനും ഡിഎംകെ-കോണ്‍ഗ്രസ് അകല്‍ച്ച പരമാവധി പ്രയോജനപ്പെടുത്താനും ബിജെപി തയ്യാറെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

