വിതുരയിലെ വിനോദ സഞ്ചാര മേഖലയായ പൊന്മുടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘പ്രിയദർശിനി വനിതാ സൗജന്യ യാത്ര’ പദ്ധതി നിലവിൽ വന്നതോടെ കൂടുതൽ ആളുകൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നുണ്ട്.
മേയ് മാസത്തെ അവധി ദിനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാൽ ഈ വർധനവിനനുസരിച്ചുള്ള അധിക സർവീസുകൾ കെഎസ്ആർടിസി ഏർപ്പെടുത്താത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദിവസം മൂന്ന് ബസുകളിൽ യാത്ര ചെയ്യേണ്ടിരുന്ന ആളുകൾ ഒരൊറ്റ ബസിൽ തിങ്ങിനിറഞ്ഞു കയറാൻ ശ്രമിച്ചത് വലിയ ഉന്തും തള്ളും ഉണ്ടാക്കി. ബസിനുള്ളിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ ഇരട്ടിയോളം ആളുകളാണ് പുറത്ത് നിൽക്കേണ്ടി വന്നത്.
തുടർന്നുവന്ന സർവീസുകളിലും ആളുകൾ തിങ്ങിനിറഞ്ഞാണ് മലയിറങ്ങിയത്. അപകടം നിറഞ്ഞ കുത്തിറക്കങ്ങളും ഹെയർപിൻ വളവുകളുമുള്ള ഈ പാതയിൽ പരിധിയിൽ കൂടുതൽ യാത്രക്കാരുമായി കെഎസ്ആർടിസി ബസുകൾ ഓടുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.
പൊതു അവധി ദിവസങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. വയോധികരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ അതീവ ദുരിതത്തിലാകുന്നു.
ദുരന്തങ്ങൾ ഉണ്ടായ ശേഷം ജീവനക്കാരായ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമെതിരെ നടപടിയെടുക്കുന്നതിന് പകരം, തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉറപ്പാക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വിതുരയിൽ നിന്നും പൊന്മുടിയിലേക്കും തിരിച്ചും കൃത്യമായ ഇടവേളകളിൽ ചെയിൻ സർവീസുകൾ വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ മൗനം പാലിക്കുകയാണ്.
ലിങ്ക് ബസുകളുടെ ആവശ്യകത
ಕೆഎസ്ആർടിസി ആരംഭിച്ച ‘ലിങ്ക് ബസുകൾ’ പൊന്മുടി റൂട്ടിൽ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നീളം കുറവായതിനാൽ ഹെയർപിൻ വളവുകൾ സുഗമമായി കടക്കാൻ ഇത്തരം ബസുകൾക്ക് സാധിക്കും.
ഫാസ്റ്റ് പാസഞ്ചർ സർവീസായ ഇവ വരുമാനം വർധിപ്പിക്കാനും സഹായകമാകും. കൊല്ലം, കൊട്ടാരക്കര, വർക്കല, കോവളം, വിഴിഞ്ഞം, ആഴിമല തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നേരിട്ടുള്ള ലിങ്ക് ബസ് സർവീസുകൾ ആരംഭിക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.
കൂടാതെ, പൊന്മുടി-കന്യാകുമാരി അന്തർ സംസ്ഥാന സർവീസ് ആരംഭിക്കണമെന്ന മുൻകാല ആവശ്യം ഇനിയും പ്രാവർത്തികമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

