കോഴിക്കോട് ജില്ലയിൽ സെൻസസ് 2027-ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയായി. വീടുകളിലെ വിവരങ്ങളും അനുബന്ധ സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനം വഴി നേരിട്ട് രേഖപ്പെടുത്താൻ അനുവദിച്ച സൗകര്യം ഉപയോഗപ്പെടുത്തിയത് 74,301 പേരാണ്.
ഇത് ജില്ലയിലെ ആകെ കണക്കെടുപ്പിന്റെ 92.31 ശതമാനം വരും. ജൂൺ 16-ന് ആരംഭിച്ച ഈ സംവിധാനത്തിന് ജൂൺ 30 രാത്രി 12 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
രാജ്യത്ത് ആദ്യമായി ഡിജിറ്റൽ രീതിയിൽ നടപ്പിലാക്കുന്ന സെൻസസിന്റെ ഭാഗമായി, സെൽഫ് എന്യൂമറേഷൻ സൗകര്യം ഒരുക്കിയത് എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും സെൻസസ് നടപടികൾ വേഗത്തിലാക്കുന്നതിനുമാണ്. ഇതിനിടെ, ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെ നീണ്ടുനിൽക്കുന്ന സെൻസസിന്റെ ഒന്നാംഘട്ട
പ്രവർത്തനങ്ങൾക്കും ജില്ലയിൽ തുടക്കമായി. ഇതിനായുള്ള പരിശീലനങ്ങളും മുന്നൊരുക്കങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
സെൻസസ് ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കാവശ്യമായ സാമഗ്രികൾ കഴിഞ്ഞ ദിവസം ജില്ലയിലെ 14 ചാർജ് ഓഫീസുകളിലേക്ക് വിതരണം ചെയ്തു. വീടുകളുടെ പട്ടിക തയ്യാറാക്കൽ, വീടുകളുടെ സെൻസസ് എന്നിവയാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനസംഖ്യാ കണക്കെടുപ്പ് ഉൾപ്പെടുന്ന സെൻസസിന്റെ രണ്ടാംഘട്ടം 2027 ഫെബ്രുവരി മാസത്തിലായിരിക്കും നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

